ബിസിസിഐയുടെ പണമിടപാട്: അന്വേഷണം തുടങ്ങി

ശനി, 18 ഒക്‌ടോബര്‍ 2014 (12:38 IST)
ഒക്ടോബര്‍ എട്ടിന് നടന്ന കൊച്ചി ഏകദിനം മുടങ്ങാതിരിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. വിന്‍ഡീസ് ടീമിന് നല്‍കിയ പണം ഏതു രീതിയിലുള്ള പണമാണെന്നാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്. ഇതേത്തുടര്‍ന്ന് കെസിഎ ഭാരവാഹികളില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തേക്കും അന്വേഷണം നീളുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പണം നല്‍കിയിട്ടില്ലെന്ന് ടിസി മാത്യൂ വ്യക്തമാക്കി.

പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി ഏകദിനത്തില്‍ നിന്ന് വിന്‍ഡീസ് ടീം  പിന്മാറുന്നതായി വാര്‍ത്ത പരന്നതിന് പിന്നാലെയാണ് കളി മുടങ്ങാതിരിക്കാന്‍ ബിസിസിഐ നാലുകോടി രൂപ നല്‍കിയെന്ന് വാര്‍ത്ത പരന്നത്. അതേസമയം ഇന്ത്യയിലേയ്ക്ക് വരുന്ന വിന്‍ഡീസ് ടീമിന് നല്‍കേണ്ട ഗ്യാരന്റി തുകയില്‍ നിന്നുള്ള വിഹിതമാണ് കളിക്കാര്‍ക്ക് നല്‍കിയതെന്നാണ് പ്രത്യക്ഷത്തിലുള്ള വാര്‍ത്ത.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരുമായി ആലോചിക്കാതെ കാരാര്‍ പുതുക്കിയതാണ് പ്രതിഫലം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് തുടക്കം. പ്രതിഫലം പറ്റുന്ന കളിക്കാരുടെ എണ്ണം 15ല്‍ നിന്ന് 105ലേക്ക് എത്തിയതും ഓരോ മല്‍സരങ്ങള്‍ക്കും ലഭിക്കുന്ന പ്രതിഫലത്തില്‍ 75 ശതമാനം കുറവ് വന്നതും രാജ്യാന്തര താരങ്ങളുടെ പ്രതിഷേധത്തിലേക്ക് നയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക