ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്: ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് 85 റണ്‍സിന് പുറത്ത്

ശനി, 12 നവം‌ബര്‍ 2016 (10:22 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ തകര്‍ന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ ആദ്യ ഇന്നിംഗിസില്‍ 32.5 ഓവറില്‍ 85 റണ്‍സിന് പുറത്താക്കി രണ്ടാം ടെസ്റ്റിലും ദക്ഷണാഫ്രിക്ക പിടിമുറുക്കി. 48 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. പത്ത് റണ്‍സെടുത്ത ജോ മെന്നിയാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍.
 
ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോ ബേണ്‍സും സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സാകുന്നതിനിടെ പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ കണിശതയ്ക്ക് മുന്നില്‍ ഒന്നുപൊരുതാന്‍ പോലുമാകാതെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ കീഴടങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. 21 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഫിലാന്‍ഡറും മൂന്ന് വിക്കറ്റ് നേടിയ അബോട്ട് ഫിലാന്‍ഡറുമാണ് കംഗാരുക്കളെ കശക്കിയെറിഞ്ഞത്.
 

വെബ്ദുനിയ വായിക്കുക