ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ കാര്യങ്ങള്‍ ആകെ അവിയല്‍ പരിവമാണ്. ഇനി എന്തും സംഭവിക്കാവുന്ന അവസ്ഥ. ആതിഥേയരില്ലാത്ത ലോകകപ്പ് സെമി ഫൈനലിനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. ന്യൂസിലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ ജയമാണ് ഓസ്‌ട്രേലിയയ്ക്ക് പണി കൊടുത്തത്.
നെറ്റ് റണ്‍റേറ്റാണ് ഓസ്‌ട്രേലിയയ്ക്ക് തലവേദനയായിരിക്കുന്നത്. നാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് പോയിന്റോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ഒന്നും രണ്ടും സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും അഞ്ച് പോയിന്റ് തന്നെയാണ് കൈയില്‍ ഉള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്, +2.333 ! ഇംഗ്ലണ്ടിനും തരക്കേടില്ലാത്ത നെറ്റ് റണ്‍റേറ്റ് ഉണ്ട്, +0.547 ! എല്ലാന്‍ ഓസ്‌ട്രേലിയയുടെ കാര്യം പരുങ്ങലിലാണ്. അവരുടെ നെറ്റ് റണ്‍റേറ്റ് -0.304 ആണ്.
മൂന്ന് ടീമുകള്‍ക്കും ഓരോ കളികളാണ് ശേഷിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍. ഇംഗ്ലണ്ടിന് എതിരാളികള്‍ ശ്രീലങ്ക. ന്യൂസിലന്‍ഡിന് എതിരാളികള്‍ അയര്‍ലന്‍ഡ്. ശേഷിക്കുന്ന ഓരോ കളിയില്‍ മൂവരും ജയിച്ചാല്‍ പിന്നെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ടീമിനെ തീരുമാനിക്കുക നെറ്റ് റണ്‍റേറ്റ് നോക്കിയായിരിക്കും. അങ്ങനെ വന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനക്കാരായി സെമിയില്‍ എത്തും. രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ കയറും. നിലവില്‍ നെറ്റ് റണ്‍റേറ്റ് കൂടുതല്‍ ഉള്ള ഇംഗ്ലണ്ടിനാണ് കൂടുതല്‍ സാധ്യത.
ശേഷിക്കുന്ന ഒരു മത്സരത്തില്‍ ഇംഗ്ലണ്ടോ ന്യൂസിലന്‍ഡോ തോല്‍ക്കുകയും അഫ്ഗാനിസ്ഥാനെതിരായ മത്സരം ഓസ്‌ട്രേലിയ ജയിക്കുകയും ചെയ്താല്‍ ഓസീസിനാണ് സെമിയില്‍ കയറാല്‍ സാധ്യത തെളിയുക. അല്ലെങ്കില്‍ ഇംഗ്ലണ്ട് ശേഷിക്കുന്ന ഒരു മത്സരത്തില്‍ നേരിയ മാര്‍ജിനില്‍ ജയിക്കുകയും ഓസ്‌ട്രേലിയ വമ്പന്‍ മാര്‍ജിനില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയും വേണം. ഇതൊന്നും നടക്കാത്ത പക്ഷം ഓസ്‌ട്രേലിയ ലോകകപ്പ് സെമി ഫൈനല്‍ കാണാതെ പുറത്താകും.