വമ്പന്മാര്‍ മുതല്‍ പുതുമുഖം വരെ; കോഹ്‌ലിയുടെ ടീമിനെ നേരിടാന്‍ തകര്‍പ്പന്‍ ടീമിനെ അണി നിരത്തി ഓസ്‌ട്രേലിയ

തിങ്കള്‍, 16 ജനുവരി 2017 (15:52 IST)
വിജയങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീമിനെ നേരിടാനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്‌റ്റീവ് സ്‌മിത്തിന്റെ നേതൃത്വത്തിലുള്ള പതിനാറംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്. ക്വീന്‍സ്‍ലാന്‍ഡ് സ്‌പിന്നര്‍ മിച്ച് സ്വപ്സണ്‍ ആണ് 16 അംഗ ടീമിലെ പുതുമുഖം.

ഫെബ്രുവരി 23ന് പൂനെയിലാണ് ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടെസ്‌റ്റ്. ബാംഗലൂരു, റാഞ്ചി, ധര്‍മ്മശാല എന്നിവിടങ്ങളിലാണ് മറ്റു ടെസ്‌റ്റുകള്‍ നടക്കുന്നത്.

നിരവധി മാറ്റങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യയിലെത്തുന്ന ഓസീസ് ടീം. മാത്യൂ വെയ്‌ഡ് ടീമിലെ ഏക വിക്കറ്റ് കീപ്പറായപ്പോള്‍ ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷും ടീമില്‍ തിരിച്ചെത്തി. മിച്ചല്‍ കാര്‍ട്ട്‍വെയ്റ്റിനെ ഒഴിവാക്കിയപ്പോള്‍ ആഷ്‌ടണ്‍ ആഗര്‍, നഥാന്‍ ലിയോണ്‍, സ്റ്റീഫന്‍ ഒകീഫി എന്നിവരാണ് സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.

അതേസമയം പതിവ് താരങ്ങളായ ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, പീറ്റര്‍ഹാന്‍ഡ്സ്കോംപ്, ജോഷ് ഹെയ്സല്‍വുഡ് തുടങ്ങിയവരും ടീമിലുണ്ട്. തുടര്‍ച്ചയായി ജയങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം കടുത്ത വെല്ലുവിളിയാകുമെന്ന നിഗമനത്തിലാണ് ഓസ്‌ട്രേലിയന്‍ ടീം.

വെബ്ദുനിയ വായിക്കുക