'ജസ്റ്റ് മിസ്'; അതുകൂടി സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കളിച്ചേനെ !

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2022 (15:50 IST)
പാക്കിസ്ഥാനും ശ്രീലങ്കയും ഏഷ്യാ കപ്പ് ഫൈനലിനുള്ള അവസാന ഘട്ട പരിശീലനത്തിലാണ്. ഞായറാഴ്ച ദുബായ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഏഷ്യാ കപ്പ് ഫൈനല്‍. ഏഷ്യാ കപ്പ് നേടുമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ ഇന്ത്യ നേരത്തെ തന്നെ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായി. 
 
സൂപ്പര്‍ ഫോറിലെ മൂന്നാമത്തെ ടീമായാണ് ഇന്ത്യ ഫിനിഷ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ ഫോറിലെ മൂന്ന് കളികളും ജയിച്ച ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് ജയവുമായി പാക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്താണ്. ഒരു കളി മാത്രം ജയിച്ച ഇന്ത്യ മൂന്നാമതും ഒരു കളിയും ജയിക്കാന്‍ സാധിക്കാതിരുന്ന അഫ്ഗാനിസ്ഥാന്‍ നാലാമതും. 
 
സൂപ്പര്‍ ഫോര്‍ പോയിന്റ് ടേബിള്‍ പ്രകാരം പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നെങ്കില്‍ ശ്രീലങ്കയ്‌ക്കൊപ്പം ഫൈനല്‍ കളിക്കേണ്ടിയിരുന്നത് ഇന്ത്യയാണ്. പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കുകയായിരുന്നെങ്കില്‍ ശ്രീലങ്ക ഒഴികെ ബാക്കി മൂന്ന് ടീമിനും ഒരു ജയം ആയേനെ. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റ് നോക്കിയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുക. നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാനേക്കാളും അഫ്ഗാനിസ്ഥാനേക്കാള്‍ മുന്‍പിലാണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് -0.279 ആണ്. അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് -2.006. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് + 1.607 ആണ്. അതായത് അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചിരുന്നെങ്കില്‍ ശ്രീലങ്കയ്‌ക്കൊപ്പം ഫൈനല്‍ കളിക്കേണ്ടിയിരുന്നത് ഇന്ത്യ ആണ് ! 
 

അനുബന്ധ വാര്‍ത്തകള്‍

Next Article