എങ്കെ പാത്താലും നീ? ഇംഗ്ലണ്ടിന് മേലെ ബാറ്റിങ്ങിലും ആധിപത്യം സ്ഥാപിച്ച് അശ്വിൻ

തിങ്കള്‍, 15 ഫെബ്രുവരി 2021 (14:47 IST)
ചെന്നൈയിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബൗളിങ്ങിന് പിന്നാലെ ബാറ്റിങ്ങിലും മികച്ച പ്രകടനവുമായി രവിചന്ദ്ര അശ്വിൻ. സ്വന്തം നാട്ടുകാർക്ക് മുന്നിൽ അർധസെഞ്ചുറിയും തികച്ച് മുന്നേറുകയാണ് താരം. 2017നു ശേഷം ടെസ്റ്റില്‍ അശ്വിന്റെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണിത്. ഇതോടെ ലോക ക്രിക്കറ്റിലെ എലൈറ്റ് ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.
 
ഒരേ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടത്തിനൊപ്പം ഫിഫ്‌റ്റിയും കൂടുതല്‍ തവണ നേടിയ ആറാമത്തെ ക്രിക്കറ്ററായി അശ്വിന്‍ മാറി. ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലിക്കൊപ്പം ഇതോടെ അശ്വിൻ എത്തി. ഇംഗ്ലണ്ടിന്റെ ഇയാൻ ബോത്തം(11 തവണ)ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍ (9) എന്നിവര്‍ മാത്രമേ ഇനി അശ്വിനു മുന്നിലുള്ളൂ.
 
കരിയറില്‍ ആറാം തവണയാണ് അദ്ദേഹം ഒരേ ടെസ്റ്റില്‍ ഫിഫ്റ്റിയും അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ചത്.
മുന്‍ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്, നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജ എന്നിവര്‍ നാലു തവണ വീതം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരെ അശ്വിന്റെ ഏഴാം അർധസെഞ്ചുറി കൂടിയാ‌ണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍