ഇത് സ്‌മിത്തിനെ കളിയാക്കുന്നതിനുള്ള മറുപടിയോ ?; ആര്‍ച്ചറെ പരിഹസിച്ച കാണികളെ സ്‌റ്റേഡിയത്തില്‍ നിന്നും പുറത്താക്കി
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (13:38 IST)
ഇംഗ്ലണ്ട് താരം ബെന്‍സ്‌റ്റോക്‍സിന്റെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ആഷസ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റിലെ ഹൈലേറ്റ്. എന്നാല്‍, നിര്‍ണായക നാലാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്തിന്റെ ഇരട്ടസെഞ്ചുറി എതിരാളികളെ പോലും കയ്യടിപ്പിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് അദ്ദേഹം നടത്തിയ പ്രകടനം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലീഷ് പേസര്‍ ടെസ്‌റ്റില്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കഴുത്തില്‍ കൊണ്ട് പരുക്കിന്റെ പിടിയിലായ സ്‌മിത്ത് മൂന്നാം ടെസ്‌റ്റില്‍ കളിച്ചിരുന്നില്ല. ഈ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ തോല്‍ക്കുകയും ചെയ്‌തു. ഇതോടെ ആര്‍ച്ചര്‍ - സ്‌മിത്ത് പോര് മുറുകുകയും ചെയ്‌തു.
പരുക്ക് മാറി തിരിച്ചുവന്ന നാലാം ടെസ്‌റ്റില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് സ്‌മിത്ത് ഓസീസിനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. ഇതിനിടെ ചില ഓസീസ് കാണികള്‍ ആര്‍ച്ചറെ വംശീയമായി കളിയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്‌ത ആര്‍ച്ചറോട് ‘പാസ്‌പോര്‍ട്ട് കാണിക്കൂ’ എന്നാണ് ഒരു വിഭാഗം ആരാധകര്‍ വിളിച്ചു പറഞ്ഞത്. പരിഹാസം അതിരുകടന്നതോടെ ആരാധകരുടെ മോശം പെരുമാറ്റത്തെ കുറിച്ച് ചിലര്‍ പരാതി നല്‍കി.
പരാതി ലഭിച്ചതിന് പിന്നാലെ സുരക്ഷാ ജീവനക്കാര്‍ ആരാധകരില്‍ ചിലരെ പിടികൂടി ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ നിന്നും പുറത്താക്കി.
ഇംഗ്ലണ്ടിനായി കളിക്കുന്ന ആര്‍ച്ചര്‍ ബാര്‍ബഡോസിലാണ് ജനിച്ചത്. ഇതാണ് താരത്തിന്‍റെ പാസ്‌പോര്‍ട്ട് ഓസീസ് കാണികള്‍ ആവശ്യപ്പെടാന്‍ കാരണം. അതേസമയം, ഓസീസ് കാണികളുടെ മോശം പെരുമാറ്റം സ്‌മിത്തിനെ കൂവിവിളിക്കുന്നതിനുള്ള മറുപടിയാണ് എന്ന് വിലയിരുത്തലുകളുണ്ട്.