ക്രിക്കറ്റ് ലോകത്തെ റിവേഴ്സ് സ്വിങുകളുടെ സുൽത്താനാണ് പാകിസ്ഥാൻ ഇതിഹാസ താരമായ വസീം അക്രം. ഒരു കാലഘട്ടത്തിൽ ബാറ്റ്സ്മാന്മാരെ പേടിപ്പെടുത്തിയിരുന്ന അക്രമിന് പന്തിനേ അകത്തേക്കും പുറത്തേക്കും ഒരുപോലെ സ്വിങ് ചെയ്യുവാൻ കഴിയുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും മാരകമായ ആയുധം എപ്പോഴും റിവേഴ്സ് സ്വിങുകൾ ആയിരുന്നു. 1992 ലെ ലോകക്കപ്പിൽ ഇംമ്രാൻ ഖാന്റെ നെത്രുത്വത്തിൽ പാകിസ്ഥാൻ കിരീടം ഉയർത്തുമ്പോൾ ഏറ്റവും നിർണായകമായതും അക്രമിന്റെ മൂർച്ചയേറിയ റിവേഴ്സ് സ്വിങുകളായിരുന്നു.
ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിനും ലാറയും കളിച്ചിരുന്ന കാലഘട്ടത്തിൽ തിളങ്ങിനിന്നിരുന്ന ബൗളറാണെങ്കിലും കരിയറിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയത് ഇവർ രണ്ടുപേരുമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പാക് നായകൻ ഇപ്പോൾ. മുൻ ന്യൂസിലൻഡ് നായകനായ മാർട്ടിൻ ക്രോവാണ് അക്രമിനെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ. മാർട്ടിൻ ക്രോയ്ക്കെതിരെ പന്തെറിയുക വളരെ പ്രയാസകരമായിരുന്നുവെന്ന് ഫോക്സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് അക്രം വെളിപ്പെടുത്തിയത്.