ലോകകപ്പിന് മുന്‍പ് അത് സംഭവിക്കും; അജിത് അഗാര്‍ക്കര്‍ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക്

വ്യാഴം, 29 ജൂണ്‍ 2023 (10:20 IST)
ഏകദിന ലോകകപ്പിന് മുന്‍പ് പുതിയ ചീഫ് സെലക്ടറെ നിയോഗിക്കാന്‍ ബിസിസിഐ. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ അടുത്ത ചീഫ് സെലക്ടര്‍ ആകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിസിസിഐ നേതൃത്വം ഇതിനോടകം അഗാര്‍ക്കറുമായി ചര്‍ച്ച നടത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് സെലക്ടേഴ്‌സ് പാനലില്‍ അടിമുടി അഴിച്ചുപണി നടത്താന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. 
 
ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യ സെലക്ടറായിരുന്ന ചേതന്‍ ശര്‍മ രാജിവെച്ചത്. അതിനുശേഷം മുഖ്യ സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ചേതന്‍ ശര്‍മയുടെ രാജിക്ക് ശേഷം പാനലിലെ ഒരംഗമായ ശിവ് സുന്ദര്‍ ദാസാണ് നിലവിലെ സെലക്ഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശിവ് സുന്ദര്‍ ദാസിന്റെ കീഴില്‍ തന്നെ ഏകദിന ലോകകപ്പിനുള്ള ടീമിനെ സെലക്ട് ചെയ്യാമെന്നായിരുന്നു ബിസിസിഐ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ബിസിസിഐ നേതൃത്വത്തിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ രൂപപ്പെട്ടു. തുടര്‍ന്നാണ് പുതിയ ചീഫ് സെലക്ടറെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. 
 
ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 30 വെള്ളിയാഴ്ചയാണ്. ജൂലൈ ഒന്നിനായിരിക്കും അഭിമുഖം. അഗാര്‍ക്കര്‍ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് എത്തണമെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും നിലപാട്. നിലവില്‍ കമന്റേറ്റര്‍ എന്ന നിലയിലാണ് അഗാര്‍ക്കര്‍ ക്രിക്കറ്റില്‍ സജീവമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്നു അഗാര്‍ക്കര്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍