കൊച്ചാക്കേണ്ടതല്ല കൊച്ചേട്ടന്റെ നേട്ടങ്ങൾ, ടെസ്റ്റ് പരമ്പര ജയം ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങൾക്ക് സമാനം

ചൊവ്വ, 19 ജനുവരി 2021 (16:17 IST)
ഓസീസിനെതിരെയുള്ള പരമ്പരയ്‌ക്ക് മുൻപ് തന്നെ ഇത്തവണ ഓസീസ് ഇന്ത്യയെ മുട്ടു‌കുത്തിക്കും എന്ന പ്രതീതിയാണ് ക്രിക്കറ്റ് ലോകത്ത് ഉണ്ടായിരുന്നത്. 2018-19ലെ ഓസീസ് ടൂറിൽ ഇന്ത്യ കപ്പെടുത്തിരുന്നെങ്കിലും സ്മ്ഇത്തും വാർണറും ഇല്ലാത്ത ഓസീസിനെതിരായിരുന്നു ഇന്ത്യൻ നേട്ടം. എന്നാൽ 2021ൽ എത്തുമ്പോൾ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലിയോ മുൻനിര ബൗളർമാരോ ഇല്ലാതെയാണ് ഇന്ത്യൻ വിജ‌യം.
 
അഡലെയ്‌ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മാത്രം വിജയസാധ്യത പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ ടീം ദയനീയമായാണ് അവിടെ പരാജയം ഏറ്റുവാങ്ങിയത്. തുടർന്ന് മുഹമ്മദ് ഷമി,ഉമേഷ് യാദവ്, വിരാട് കോലി എന്നിവരുടെ മടക്കം. നായകനായി അജിങ്ക്യ രഹാനെ വരുമ്പോളും തോൽവിയുടെ ഭാരം കുറയ്‌ക്കുക മാത്രമായിരുന്നു അയാളിൽ നിന്ന് ഇന്ത്യൻ ആരാധകരും പ്രതീക്ഷിച്ച പ്രവർത്തി.
 
എന്നാൽ ഒന്നുമില്ലായ്‌മകളിൽ നിന്നും അത്ഭുതങ്ങൾ സൃഷ്ടിക്കാനായിരുന്നു രഹാനെയുടെ തീരുമാനം. തുടർന്ന് മെൽബണിൽ ടീം ഇന്ത്യയുടെ സ്വപ്‌നതുല്യമായ തിരിച്ചുവരവ്. വീണ്ടും പരിക്കുകൾ,അധിക്ഷേപം,ക്വാറന്റൈൻ വിവാദങ്ങൾ. ടീമിലെ മുൻനിര ബൗളർമാരുടെ മടക്കാം. മൂന്നാം ടെസ്റ്റിൽ രണ്ടാമിന്നിങ്സിനിറങ്ങുമ്പോൾ പ്രധാനതാരങ്ങളെല്ലാം തന്നെ പരിക്കിൽ. 
 
ഒരു ക്യാപ്‌റ്റന് മുന്നിൽ സംഭാവിക്കാനുന്ന അത്രയും പ്രതിസന്ധികൾ. നാലാം ടെസ്റ്റിൽ തീർത്തും പുതുമുഖങ്ങളായ ബൗളർമാർ. അശ്വിൻ, ജഡേജ എന്നിവരുടെ അസ്സാന്നിധ്യം അപ്പോഴും കുലുങ്ങിയിരുന്നില്ല ടീമിന്റെ പുതിയ നായകൻ. ചാരമായി മാറിയ ടീമിൽ നിന്നും എതിരാളിയെ ചാരമാക്കുന്ന ടീം എന്ന നിലയിലേക്കുള്ള വളർച്ച. 32 വർഷത്തിനിടെ ആദ്യമായി ഗാബയിൽ ഓസീസിനെതിരെ വിജയം.
 
എല്ലാ പ്രധാനകളിക്കാരുമടങ്ങിയ ഓസീസിനെതിരെ പരമ്പര വിജയം. എത്രയോ മികച്ച ഇന്ത്യൻ ക്യാപ്‌റ്റന്മാരുടെ സ്വപ്‌നം. എല്ലാം രഹാനെ നേടിയെടുത്തത് തീർത്തും പുതിയൊരു നിരയുമായി. ഒരുപക്ഷേ 83ലെയും 2007ലെയും ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച നായകന്മാരായ കപിലിനും ധോണിക്കും ഒപ്പം നിർത്താൻ സാധിക്കുന്ന നായക മികവ്. 
 
ഓസീസ് പര്യടനം കഴിഞ്ഞ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോൾ വിരാട് കോലി വീണ്ടും നായകപദവിയിലെത്തുമെങ്കിലും ക്രിക്കറ്റ് നിലനിൽക്കും വരെയും രാഹനെയുടെ നായകമികവും തങ്കലിപികളാൽ ചരിത്രത്തിലിടം പിടിക്കുമെന്ന് തീർച്ച.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍