ഓരോ മിനിറ്റിലും ആവേശം നിറച്ച പോരാട്ടം, മൈതാനത്ത് കയ്യാങ്കളി, ഒടുവിൽ പടിക്കൽ കലമുടച്ച് അഫ്ഗാൻ പുറത്തേക്ക്

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (10:19 IST)
ഏഷ്യാകപ്പിലെ അത്യന്തം ആവേശം നിറഞ്ഞ സൂപ്പർ ഫോർ പോരാട്ടത്തി അഫ്ഗാനിസ്ഥാനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ. അവസാന ഓവർ വരെ ആവേശം നിറഞ്ഞ ലോ സ്കോർ ത്രില്ലർ മത്സരത്തിൽ ഒരു വിക്കറ്റിനാണ് പാകിസ്ഥാൻ്റെ വിജയം. അഫ്ഗാൻ ഉയർത്തിയ 130 റൺസിൻ്റെ വിജയലക്ഷ്യം 9 വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാൻ മറികടന്നത്.
 
അഫ്ഗാൻ്റെ പരാജയത്തോടെ ഇന്ത്യയും അഫ്ഗാനും ടൂർണമെൻ്റിൽ നിന്നും പുറത്തായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത ഓവറിൽ 129 റൺസാണ് നേടിയത്. പാകിസ്ഥാൻ എളുപ്പത്തിൽ തന്നെ വിജയലക്ഷ്യം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും നേരിട്ട ആദ്യ പന്തിൽ തന്നെ സൂപ്പർ താരം ബാബർ അസം പുറത്തേക്ക്.
 
തുടർന്ന് വന്ന ഫഖർ സമനും ഉടൻ തന്നെ പവലിയനിലേക്ക് മടങ്ങി. ടൂർണമെൻ്റിലെ പാക് ഹീറോ മുഹമ്മദ് റിസ്‌വാനെ കൂടി പുറത്താക്കി അഫ്ഗാൻ മത്സരത്തിൽ പിടിമുറുക്കി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഇഫ്തിഖർ അഹ്മദും ഷദാബ് ഖാനും ചേർന്ന് പാക് സ്കോർ ഉയർത്തി. എന്നാൽ തുടർച്ചയായി ഇഫ്ദിഖറിനെയും ഷദാബ് ഖാനെയും പുറത്താക്കി അഫ്ഗാൻ തിരിച്ചടിചു.
 
ഇരുവരും പുറത്താകുമ്പോൾ പാക് സ്കോർ 16.2 ഓവറിൽ 97 റൺസിന് 5 വിക്കറ്റ്. തുടർന്ന് വന്ന മൊഹമ്മദ് നവാസ്, കുശ്ദിൽ ഷാ എന്നിവർ കൂടി മടങ്ങിയതോടെ പാകിസ്ഥാൻ പരുങ്ങലിലായി. എന്നാൽ ഒരറ്റത്ത് നിന്ന ആസിഫ് അലി പാകിസ്ഥാൻ സ്കോർ ഉയർത്തി. അഫ്ഗാന് വെല്ലുവിളിയായി നിന്ന ആസിഫ് അലിയും പുറത്തായതൊടെ അഫ്ഗാൻ മത്സരത്തിൽ വിജയം ഉറപ്പിച്ചു.
 
18.5 ഓവറിൽ ഒൻപതാം വിക്കറ്റ് കൂടെ വീണപ്പോൾ അവസാന ഓവറിൽ പാകിസ്ഥാന് വിജയിക്കാനായി വേണ്ടിയിരുന്നത് 6 പന്തിൽ നിന്നും 12 റൺസ്. വാലറ്റക്കാരെ മടക്കി അഫ്ഗാൻ വിജയിക്കുമെന്ന് ഉറപ്പിച്ച സമയത്ത് ക്രീസിൽ നിന്നത് പാകിസ്ഥാൻ പേസർ നസീം ഷാ. എന്നാൽ അഫ്ഗാനിസ്ഥാൻ്റെ ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിലെ രണ്ട് പന്തും അതിർത്തി കടത്തി നസീം ഷാ പാകിസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചു.
 
അഫ്ഗാന് വേണ്ടി ഫസൽഹഖ് ഫാറൂഖി 3.2 ഓവറിൽ 33 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. ഫരീദ് അഹ്മദ് മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റ് നേടി.

അനുബന്ധ വാര്‍ത്തകള്‍

Next Article