2011 ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ഏകദിന ലോകകപ്പുകളുടെ എണ്ണം രണ്ടിലേക്ക് ഉയര്‍ത്തിയത്. 1983 ന് ശേഷം 28 വര്‍ഷം ഇന്ത്യ ഏകദിന ലോകകപ്പിനായി കാത്തിരുന്നു. 2011 ഏപ്രില്‍ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഏകദിന ലോകകപ്പ് ഫൈനല്‍ നടന്നത്. ശ്രീലങ്കയായിരുന്നു അന്ന് ഇന്ത്യയുടെ എതിരാളികള്‍. 2011 ലെ ഏകദിന ലോകകപ്പ് വിജയത്തിന് ഇന്നേക്ക് 11 വയസ്സ് തികയുകയാണ്.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയും ടോസിങ്ങിനായി ഗ്രൗണ്ടില്‍ എത്തി. ജെഫ് ക്രോ ആയിരുന്നു മാച്ച് റഫറി. കമന്റേറ്ററായി രവി ശാസ്ത്രി. ടോസിനായി നാണയം മുകളിലേക്ക് ഇട്ടത് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയാണ്. സംഗക്കാരയുടേതായിരുന്നു കോള്‍. എന്നാല്‍ സംഗക്കാര വിളിച്ചത് ധോണിയോ മാച്ച് റഫറി ജെഫ് ക്രോയോ കമന്റേറ്റര്‍ രവി ശാസ്ത്രിയോ കേട്ടില്ല. വാങ്കഡെ സ്റ്റേഡിയത്തിലെ കാണികളുടെ ബഹളം കാരണമാണ് സംഗക്കാര വിളിച്ചത് മറ്റുള്ളവര്‍ കേള്‍ക്കാതിരുന്നത്. ഒടുവില്‍ വീണ്ടും ടോസ് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ടോസ് ജയിച്ച സംഗക്കാര ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു.