ഏറ്റവും ബുദ്ധിമുട്ടിച്ചത് ആ ബൗളർ, തുറന്നുപറഞ്ഞ് ദേവ്ദത്ത് പടിക്കൽ

ചൊവ്വ, 17 നവം‌ബര്‍ 2020 (13:49 IST)
ഐപിഎൽ 13ആം സീസണില്‍ ഏറ്റവും ശ്രദ്ധ നേടിയ താരങ്ങളിൽ പ്രധാനിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുന്റെ കരുത്തായി മാറിയ ദേവ്ദത്ത് പടിയ്ക്കൽ. 473 റൺസാണ് ഈ സീസണിൽ 20 കാരനായ ദേവ്‌ദത്ത് അടിച്ചുകൂട്ടിയത്. ഐപിഎൽ പ്ലേയോഫിൽ ബാംഗ്ലൂർ പുറത്തായെങ്കിലും ഈ സീസണിൽ ദേവ്ദത്ത് സെൻസേഷണൽ താരമായി മാറി. താരത്തെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
 
ഇപ്പോഴിതാ ടൂർണമെന്റിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ദേവ്ദത്ത് പടിയ്ക്കൽ. സൺറൈസേഴ്സ് ഹൈദെരാബാദിന്റെ അഫ്‌ഗാൻ താരം റാഷിദ് ഖാനെ നേരിടാൻ ബുദ്ധിമുട്ടി എന്ന് ദേവ്ദത്ത് തുറന്നുസമ്മതിയ്ക്കുന്നു. 'റാഷിദിനെ നേരിടുക എന്നത് വളരെ പ്രയാസമാണ്, മികച്ച വേഗത മാത്രമല്ല, പന്ത് ടേൺ ചെയ്യുകകൂടി ആകുമ്പോൾ നേരിടാൻ പ്രയാപ്പെടും. ഞാൻ ഇതുവരെ എതിരിട്ടിട്ടില്ലാത്ത പന്തുകൾ കളിയ്ക്കുന്നതുപോലെയാണ് റാഷിതിനെതിരെ ബാറ്റ് ചെയ്യുമ്പോൾ അനുഭവപ്പെട്ടിട്ടുള്ളത്' 
 
സിനിയർ താരങ്ങളോടൊപ്പമുള്ള ഡ്രസ്സിങ് റൂം അനുഭവവും ദേവ്ദത്ത് പങ്കുവച്ചു. കോഹ്‌ലി ഭായിയും എബിഡിയുമെല്ലാം വലിയ പിന്തുണ നൽകി. മുംബൈയ്ക്കെതിരെ അർധ സെഞ്ച്വറി നേടിയപ്പോൾ എബിഡി അഭിനന്ദിച്ചു. കോഹ്‌ലി ഭായി ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുമായിരുന്നു. വലിയ താരങ്ങൾക്കൊപ്പം കളിച്ച് മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ട്. ദേവ്ദത്ത് പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍