സിംഹളവീര്യത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അടിതെറ്റി; ലങ്കയ്ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

വെള്ളി, 9 ജൂണ്‍ 2017 (08:03 IST)
ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോൽവി. വിജയത്തോടെ സെമി ഉറപ്പിക്കാനായി ഇറങ്ങിയ ഇന്ത്യ, ഏഴു വിക്കറ്റിനാണ് ശ്രീലങ്കയോട് തോറ്റത്. അതേസമയം ടൂർണമെന്റിൽ ലങ്കയുടെ ആദ്യ ജയവുമായി ഇത്. ഇന്ത്യ ഉയര്‍ത്തിയ 322 എന്ന് കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ പൊരുതിയാണ് ശ്രീലങ്ക ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം പിടിച്ചെടുത്തത്. 
 
ശ്രീലങ്കയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റിൽ ഗുണതിലകെയും മെൻഡിസും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി. ഗുണതിലകെ 76ഉം മെൻഡിസ് 89ഉം റൺസെടുത്ത് റണ്ണൗട്ടായി. എന്നാൽ ക്യാപ്റ്റൻ ആഞ്ജലോ മാത്യൂസ്, ഗുണരത്നെ, കുശാൽ പെരേരെ എന്നിവരുടെ മികവിലാണ് ലങ്ക ലക്ഷ്യത്തിലെത്തിയത്. മുനയിലാത്ത ബൗളിംഗും ഫീൽഡിങുമാണ് ഇന്ത്യയ്ക്ക് വിനയായത്. 
 
നേരത്തെ ശിഖർ ധവാന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. 128 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതം ധവാൻ 125 റണ്‍സ് നേടി. രോഹിത് ശർമ 78ഉം എം എസ് ധോണി 63ഉം റൺസടിച്ചു. ക്യാപ്റ്റൻ വിരാട് കോലി പൂജ്യത്തിന് പുറത്തായി. ഗ്രൂപ്പ് ബിയിൽ ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് ഇപ്പോൾ രണ്ട് പോയിന്റ് വീതമാണുളളത്. 

വെബ്ദുനിയ വായിക്കുക