സഞ്ജു ഇന്ത്യന്‍ ഏകദിന ടീമില്‍

Webdunia
ചൊവ്വ, 5 ഓഗസ്റ്റ് 2014 (20:18 IST)
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ഏകദിന ടീമില്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 17 അംഗ ടീമിലാണ് സഞ്ജുവിനെയും ഉള്‍പ്പെടുത്തിയത്. ഓസ്ട്രേലിയയില്‍ ചതുര്‍രാഷ്ട്ര പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനുവേണ്ടി നടത്തിയ പ്രകടനവും ഐ പി എല്‍ മത്സരങ്ങളില്‍ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് സഞ്ജു വി സാംസണെ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഏകദിന ടീമിലെ അംഗത്വം വലിയ ഭാഗ്യമാണെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണുള്ളതെന്നും സഞ്ജു വി സാംസണ്‍ പ്രതികരിച്ചു. താന്‍ ഒന്നും പ്രതീക്ഷിച്ചിട്ടില്ലെന്നും കഠിനാദ്ധ്വാനം ചെയ്തതിന് ലഭിച്ച ഫലമാണിതെന്നും സഞ്ജു വി സാംസണ്‍ പറഞ്ഞു. ആദ്യ ഇലവനില്‍ എത്താനുള്ള സാധ്യതയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സഞ്ജു പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു വി സാംസണ്‍. ഏത് പൊസിഷനില്‍ കളിക്കാനും പ്രാപ്തനാണെന്നതാണ് സഞ്ജുവിന്‍റെ പ്രത്യേകത. ഒട്ടും സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവുന്നു എന്നതാണ് സഞ്ജുവിന്‍റെ പ്ലസ് പോയിന്‍റ്.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വിശ്രമത്തിലായിരുന്ന മുതിര്‍ന്ന താരങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരായ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പരിചയ സമ്പന്നരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയ ടീമാണ് ഇംഗ്ലണ്ടിനെതിരെ പ്രഖ്യാപിച്ചിട്ടുള്ളത്.

വരുന്ന ലോകകപ്പ് മത്സരങ്ങള്‍ കൂടി മുന്‍‌കൂട്ടിക്കണ്ടാണ് ഈ ടീം തെരഞ്ഞെടുപ്പെന്നാണ് സെലക്‍ടര്‍മാര്‍ പ്രതികരിക്കുന്നത്.