രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം; പരമ്പര

തിങ്കള്‍, 13 ജൂണ്‍ 2016 (18:46 IST)
സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ഏകദിന മല്‍സരത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം. ഈ ജയത്തോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. സ്കോർ: സിംബാബ്‌വെ - 34.3 ഓവറിൽ 126ന് പുറത്ത്. ഇന്ത്യ - 26.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 129.
 
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 34.3 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്തായി. സിംബാബ്‌വെ നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്. വൂസി സിബാൻഡയുടെ അർധസെഞ്ചുറിയാണ് (69 പന്തിൽ 53) വൻ തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന സിംബാബ്‌വെയെ സ്കോർ 100 കടത്താന്‍ സഹായിച്ചത്. ചാമു സിബാബ (21), സിക്കന്ദർ റാസ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ. ആറ് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ യുശ്‌വേന്ദ്ര ചഹലാണ് സിംബാബ്‌വെയെ തകർത്തത്. ബരീന്ദർ സ്രാൻ, ധവാൽ കുൽക്കർണി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 
 
സിംബാബ്‌വെ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 23.1 ഓവറും എട്ടു വിക്കറ്റും ബാക്കി നിർത്തിയാണ് വിജയത്തിലെത്തിയത്. ലോകേഷ് രാഹുൽ (50 പന്തിൽ 33), കരുൺ നായർ (68 പന്തിൽ 39), അമ്പാട്ടി റായി‍ഡു (44 പന്തിൽ പുറത്താകാതെ 41) എന്നിവരുടെ ബാറ്റിങ്ങ് മികവിലായിരുന്നു ഇന്ത്യയുടെ അനായാസ ജയം. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക