ട്വന്‍റി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍
ബുധന്‍, 30 മാര്‍ച്ച് 2016 (22:15 IST)
ട്വന്‍റി20 ലോകകപ്പ് ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 എന്ന വിജയലക്‍ഷ്യം 17 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നാണ് ഇംഗ്ലണ്ട് ആധികാരികമായ വിജയം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് കോറി ആന്‍ഡേഴ്സന്‍റെ ആദ്യ ഓവറില്‍ തന്നെ നാല് ബൌണ്ടറികള്‍ പായിച്ച് 16 റണ്‍സ് നേടി ന്യൂസിലന്‍ഡിന് വ്യക്തമായ സന്ദേശം നല്‍കി.
ജാസന്‍ റോയിയാണ് ഇംഗ്ലണ്ട് നിരയില്‍ അപകടകരമായി ബാറ്റ് വീശിയത്. 44 പന്തുകളില്‍ നിന്ന് 78 റണ്‍സാണ് റോയിയുടെ സമ്പാദ്യം. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ബട്‌ലര്‍ ന്യൂസിലന്‍ഡിന്‍റെ ഫൈനല്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.
17 പന്തുകളില്‍ നിന്ന് 32 റണ്‍സാണ് ബട്‌ലര്‍ നേടിയത്. സോധി എറിഞ്ഞ പതിനാറാം ഓവറില്‍ രണ്ട് കൂറ്റന്‍ സിക്സറുകള്‍ ഉള്‍പ്പടെ 22 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ആ ഓവര്‍ തന്നെയാണ് കളി ഇംഗ്ലണ്ടിന്‍റെ വരുതിയിലേക്ക് മാറ്റിയത്.
27 റണ്‍സുമായി ജോ റൂട്ടും 20 റണ്‍സുമായി ഹെയ്‌ത്സും മികച്ച പ്രകടനം നടത്തി. ന്യൂസിലന്‍ഡ് ബൌളിംഗ് നിരയില്‍ രണ്ടുവിക്കറ്റ് വീഴ്ത്തിയ സോധി തന്നെയാണ് ഏറ്റവും കൂടുതല്‍ റണ്‍സും വഴങ്ങിയത് - നാലോവറില്‍ 42 റണ്‍സ്. സാന്ത്‌നര്‍ ഒരു വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മണ്‍റോ(46), വില്യംസണ്‍(32), ആന്‍ഡേഴ്സണ്‍(28) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും.