പുറംവേദന അലട്ടിയിരുന്നെങ്കിലും കഴിഞ്ഞ കളിയില്‍ ധോണി കളിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ പരുക്ക് മാറാതെ ധോണിയെ കളിപ്പിക്കുന്നത് ഉചിതമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് ശിഖര്‍ ധവാനും മുഹമ്മദ് ആമിറിന്റെ ബൌള്‍ ഇടതു കാലിന് ഇടിച്ച് രോഹിത് ശര്‍മയ്ക്കും പരുക്കേറ്റിരുന്നു. എന്നാല്‍ രോഹിതിന്റേത് നിസാരമായ പരുക്കാണ് എന്നത് ആശ്വാസം പകരുന്നു. ട്വന്റി 20 ലോകകപ്പ് മുന്നില്‍നില്‍ക്കെ ടീമിലെ പരുക്കേറ്റ താരങ്ങള്‍ക്ക് ചൊവ്വാഴ്ചത്തെ മത്സരത്തില്‍ വിശ്രമം നല്‍കാനുള്ള സാധ്യതയും ഉണ്ട്.
നെഹ്‌റയും ബുമ്രയും അടങ്ങുന്ന ബൌളിങ്ങ് നിര മികച്ച ഫോമിലാണ്. രോഹിത് ശര്‍മ കളിച്ചില്ലെങ്കില്‍ പകരം പാര്‍ത്ഥിവ് പട്ടേല്‍ ഓപ്പണറാകും. ഇന്ത്യയുടെ പുതിയ ബാറ്റിങ്ങ് ഓള്‍റൌണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയും പ്രതീക്ഷ നല്‍കുന്ന താരമാണ്. അതേസമയം യുവരാജും സുരേഷ് റൈനയും ഫോമിലേക്ക് ഉയരുന്നില്ലാ എന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
അതേസമയം ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷ തോല്‍വിക്ക് പിന്നാലെ പരുക്കുതന്നെയാണ് ശ്രീലങ്കയ്ക്കും തലവേദന. ക്യാപ്റ്റന്‍ ലസിത് മലിംഗയ്ക്ക് കാല്‍മുട്ടിനാണ് പരുക്ക്. ടൂര്‍ണമെന്റില്‍ മലിംഗ ഇനി കളിക്കുമോ എന്ന കാര്യം സംശയമാണെന്ന് താത്കാലിക ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് പറഞ്ഞു. ലോകകപ്പിന് മുമ്പായി മലിംഗ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ടീം മാനേജ്‌മെന്റ്.