കട്ടക്കില്‍ കട്ടയ്ക്ക് നടത്തിയ പോരാട്ടത്തില്‍ വിരാട് കോഹ്‌ലിയുടെ കരുത്തന്‍ ടീം വിജയം നേടി. ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ 15 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് ഏകദിനങ്ങളുടെ പരമ്പര അങ്ങനെ ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മഹേന്ദ്രസിംഗ് ധോണിയുടെയും യുവരാജ് സിംഗിന്‍റെയും സൂപ്പര്‍ പാര്‍ട്ണര്‍ഷിപ്പിന്‍റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. മോര്‍ഗന്‍ മറുപടിപ്പോരാട്ടം നയിച്ചെങ്കിലും അവസാന ഓവറുകളില്‍ കൂറ്റനടിക്ക് എല്ലാവരും പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് തോല്‍വിയടയുകയായിരുന്നു.
പരാജയത്തിലും മോര്‍ഗന്‍ സെഞ്ച്വറിയോടെ തലയുയര്‍ത്തി നിന്നു. മൂന്ന് വിക്കറ്റെടുത്ത അശ്വിനും രണ്ടുവിക്കറ്റെടുത്ത ബൂമ്രയുമാണ് ഇന്ത്യന്‍ ബൌളിംഗ് നിരയില്‍ മികച്ചുനിന്നത്.
ഇന്ത്യയുടെ പ്രധാന ബാറ്റ്സ്മാന്‍മാരുടെ പ്രകടനം ഇങ്ങനെയാണ് - ധോണി(134), യുവരാജ്(150), കേദാര്‍ ജാദവ്(22).
ഇംഗ്ലണ്ടിന്‍റെ പ്രധാന ബാറ്റ്സ്മാന്‍മാരുടെ പ്രകടനം ഇങ്ങനെ - മോര്‍ഗന്‍(102), റോയ്(82), റൂട്ട്(54), മൊയിന്‍ അലി(55).