ഇന്ത്യയെ തകര്‍ത്ത ന്യൂസിലന്‍ഡ് ഓസ്ട്രേലിയയും വെറുതെ വിട്ടില്ല, ഓസീസിനെ 8 റണ്‍സിന് തകര്‍ത്തു; ഇവരെ സൂക്ഷിക്കുക!

വെള്ളി, 18 മാര്‍ച്ച് 2016 (18:41 IST)
ഇന്ത്യയെ ആദ്യമത്സരത്തില്‍ തകര്‍ത്തെറിഞ്ഞ ന്യൂസിലന്‍ഡ് രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെയും വീഴ്ത്തി. ഓസീസിനെ എട്ടുറണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് വിജയം മധുരതരമാക്കി. അവസാന ഓവര്‍ വരെ ആവേശം നിറച്ച മത്സരം അനിശ്ചിതത്വത്തിനൊടുവില്‍ ന്യൂസിലന്‍ഡിന് അനുകൂലമാകുകയായിരുന്നു.
 
അവസാന നാലുപന്തുകള്‍ ശേഷിക്കെ 18 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് വിജയിക്കാന്‍ വേണ്ടത്. ആന്‍ഡേഴ്സണ്‍ എറിഞ്ഞ മൂന്നാം പന്തില്‍ സിക്സര്‍ വഴങ്ങിയതോടെ ഓസീസിന് നേരിയ പ്രതീക്ഷയായി. എന്നാല്‍ അടുത്ത പന്തില്‍ വിക്കറ്റ് വീഴ്ത്തില്‍ ആന്‍ഡേഴ്സണ്‍ കളി ന്യൂസിലന്‍ഡിന്‍റെ വരുതിയില്‍ കൊണ്ടുവന്നു.
 
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 143 എന്ന വിജയലക്‍ഷ്യമാണ് ഓസ്ട്രേലിയക്ക് മുന്നില്‍ ഉയര്‍ത്തിയത്. മാക്സ്‌വെലും മിച്ചല്‍ മാര്‍ഷും മികച്ച പോരാട്ടം നടത്തിയെങ്കിലും മറ്റ് ബാറ്റ്‌സ്മാന്‍‌മാര്‍ പരാജയമായി. 
 
ഒടുവിലത്തെ ഓവറുകളില്‍ അസാധാരണമികവോടെ പന്തെറിയുകയും ഫീല്‍ഡ് ചെയ്യുകയും ചെയ്ത് ന്യൂസിലന്‍ഡ് കളി കൈപ്പിടിയിലൊതുക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക