ജമൈക്ക: ലോകകപ്പില്‍ പുറത്തായതിനു പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമി൹ മറ്റൊരു ദുരന്തം കൂടി. പരിശീലകന്‍ ബോബ് വുമറിന്‍റെ മരണമാണ് പാകിസ്ഥാനെ ലോകകപ്പ് പരാജയത്തേക്കാളും ഞെട്ടിച്ചിരിക്കുന്നത്.
രാവിലെ പത്തു മണിക്ക് ജമൈക്കയില്‍ ടീം താമസിച്ച ഹോട്ടലായ പെഗാസസില്‍ 58 കാരനായ വുമറിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പെട്ടെന്നു തന്നെ അടുത്തുള്ള യൂണിവേഴ്‌സിറ്റി ഹോസ്പിറ്റിലില്‍ പ്രവേശിപ്പിച്ചെങ്കിലും ബോധം വീണ്ടെടുക്കാനായില്ല.പിന്നീട് മരണം സംഭവിക്കുകയായിരുന്നു .
മാനസിക സമ്മര്‍ദ്ദമാകാം മരണ കാരണമെന്നു കരുതുന്നു. പാകിസ്ഥാനെ പരിശീലിപ്പിക്കുക എന്നത് സാധരണയില്‍ നിന്നും വ്യത്യസ്തമാണെന്നും കഴിഞ്ഞ ആറു മാസമായി പാകിസ്ഥാന്‍ ക്രിക്കറ്റിനെ ചൂഴ്‌ന്ന് ഒരുപാട് പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നുണ്ടെന്നും വുമര്‍ പറഞ്ഞിരുന്നു.
ഓവല്‍ ടെസ്റ്റ് വിവാദത്തെ തുടര്‍ന്ന് ഷൊഹൈബ് അക്തറിനും മുഹമ്മദ് ആസിഫിനും വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വുമറിനെ സംശയിച്ചിരുന്നു. വിലക്ക് പിന്നീട് നീക്കിയെങ്കിലും ലോകകപ്പില്‍ ഇരു വരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. പരുക്കാണ് കാരണം പറഞ്ഞതെങ്കിലും വുമറിന്റെ ഇടപെടലുകള്‍ സംശയിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയെ ഇന്നു കാണുന്ന പ്രൊഫഷണല്‍ സമീപനത്തില്‍ എത്തിച്ചതിലൂടെയാണ് ഇംഗ്ലണ്ടു കാരനായ വുമര്‍ പ്രശസ്തനായത്. ഇംഗ്ലണ്ടിനു വേണ്ടി 1975-81 വര്‍ഷത്തിനിടയില്‍ കളിച്ചിട്ടുള്ള താരമാണ് വുമര്‍.അയര്‍ ലണ്ടിനോട് മൂന്നു വിക്കറ്റിനു പരാജയപ്പെട്ടതിനാല്‍ പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. സിംബാബ്‌വേയ്ക്ക് എതിരെ ബുധനാഴ്ച ജമൈക്കയിലാണ് അവസാന മല്‍സരം.