‘മെന്‍ഡിസല്ല, മുരളിയാണ് പ്രശ്നം’

PTIPTI
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്ങ് നിരയെ കറക്കിയെറിഞ്ഞ ദുരൂഹ ശ്രിലങ്കന്‍ സ്പിന്നര്‍ അജാന്ത മെന്‍ഡിസ് മിടുക്കനാണെങ്കിലും കൂടുതല്‍ ഭയക്കേണ്ടത് മുത്തയ്യ മുരളീധരനെയാണെന്ന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്.

ഏഷ്യാ കപ്പ് ഫൈനലിലെ മെന്‍ഡിസിന്‍റെ ബൌളിങ്ങ് നല്ല ദൃശ്യാനുഭവമായിരുന്നുവെന്ന് ഹര്‍ഭജന്‍ ഒരു സ്പോര്‍ട്സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുവരാജ്, രോഹിത് ശര്‍മ്മ, ആര്‍ പി സിങ്ങ് എന്നിവരെ പുറത്താക്കിയ മെന്‍ഡിസിന്‍റെ പന്തുകള്‍ മികച്ചവയായിരുന്നു എന്ന് ഭാജി സാക്‌ഷ്യപ്പെടുത്തുന്നു. ഇത്തരം പന്തുകള്‍ ടെന്നീസ് ബോളുകള്‍ ഉപയോഗിച്ച് പലരും എറിയുന്നത് കണ്ടിട്ടുണ്ടെങ്കിലും മെന്‍ഡിസിന് ക്രിക്കറ്റ് ബോള്‍ കൊണ്ട് ഇത് ചെയ്യാന്‍ കഴിയുന്നത് അത്ഭുതകരമാണെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ മെന്‍ഡിസിനെയും മുരളിയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ സമയമായിട്ടില്ലെന്നാണ് ഭാജിയുടെ പക്ഷം. നിലവിലെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് മെന്‍ഡിസിനെക്കാള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുക മുരളിയായിരിക്കുമെന്നും ഹര്‍ഭജന്‍ പ്രവചിക്കുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രിശാന്തിനെ തല്ലിയതിനെ തുടര്‍ന്ന് അഞ്ച് മത്സരങ്ങളില്‍ വിലക്ക് വാങ്ങിയ ഹര്‍ഭജന്‍ ടീമില്‍ മടങ്ങിയെത്തിയ ശേഷം തന്‍റെ ശക്തമായ സാനിദ്ധ്യം അറിയിക്കാനുള്ള തയാറെടുപ്പിലാണ് ഹര്‍ഭജന്‍. ഐപി‌എല്‍ വിവാദം തന്നെ സംബന്ധിച്ച് ഏറെ വിഷമകരമായ സാഹചര്യമായിരുന്നുവെന്നും ഈശ്വരാനുഗ്രഹത്താലാണ് അതില്‍ നിന്ന് കരകയറാന്‍ സാധിച്ചതെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറയുന്നു.

താന്‍ ഒരു തെറ്റു ചെയ്തെന്നും അത് തുറന്നു സമ്മതിച്ചെന്നും പറഞ്ഞ ഹര്‍ഭജന്‍ വിവാദം മറന്ന് മുന്നോട്ട് പോകാന്‍ സമയമായെന്നും അഭിപ്രായപ്പെട്ടു. ജനങ്ങള്‍ തന്നെ വിവാദങ്ങളാലല്ല നല്ല കാരണങ്ങളാല്‍ ഓര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക