ഹര്‍ഭജന്‍- ശ്രീശാന്ത് തല്ല്: വീഡിയോ പുറത്തുവിടുന്നത് അലോചിക്കുമെന്ന് ലളിത്‌മോഡി
ശനി, 13 ഏപ്രില്‍ 2013 (10:31 IST)
PRO
ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ തല്ലിയെന്ന വിവാദവുമായി ബന്ധപ്പെട്ട വീഡിയോയുടെ ഏക കോപ്പി തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിടണമോ വേണ്ടയോ എന്ന കാര്യം പരിശോധിക്കുമെന്നും മോഡി
2008ലെ പ്രഥമ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍സിംഗ് അന്ന് പഞ്ചാബ് കിംഗ്സ് താരമായിരുന്ന ശ്രീശാന്തിനെ തല്ലിയെന്ന വിവാദം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവിടുന്ന കാര്യം താന്‍ ആലോചിക്കുമെന്ന് ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി ട്വിറ്ററില്‍ പറഞ്ഞത്.
സംഭവത്തക്കുറിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് നടത്തിയിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ലളിത് മോഡി ഇപ്രകാരം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അന്നത്തെ സംഭവങ്ങള്‍ പ്ളാന്‍ ചെയ്യപ്പെട്ടതാണെന്നും ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നയാളാണെന്നും ശ്രീശാന്ത് വെളളിയാഴ്ച ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു.
വീഡിയോ പരസ്യമാക്കേണ്ടതില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് അരുൺ ജയ്‌റ്റ്‌ലി നിർദ്ദേശിച്ചിരുന്നുവെന്നും അത് തങ്ങൾ അംഗീകരിക്കുകയായിരുന്നുവെന്നും ലളിത് മോഡി വ്യക്‌തമാക്കി.
സംഭവത്തില്‍ തന്നെ ഇപ്പോഴും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മത്സരശേഷം കൈകൊടുക്കാന്‍ ചെന്നപ്പോള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഹര്‍ഭജന്‍ തന്നെ കൈമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നെന്നുമാണ് ശ്രീശാന്ത് വ്യക്തമാക്കിയത്.
സംഭവത്തിനു ശേഷം ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളില്‍ ഹര്‍ഭജന്‍ സിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ ശ്രീശാന്തിനു താക്കീതും നല്‍കി.
ഹര്‍ഭജന്‍ പിന്നില്‍ നിന്നു കുത്തുന്ന ആളാണ്. സത്യം ലോകം അറിയണം. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണം- ശ്രീശാന്ത് ട്വിറ്ററില്‍ എഴുതി