സ്പിന്നര്‍മാര്‍ തിളങ്ങി; ബംഗ്ലാദേശിന്‌ ചരിത്രവിജയം

ചൊവ്വ, 14 ജൂലൈ 2009 (09:30 IST)
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ചരിത്രവിജയം. 95 റണ്‍സിനാണ് വിജയം. ടെസ്റ്റില്‍ ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് ചരിത്രവിജയം നേടുന്നത്. മികച്ച ബാറ്റിംഗ് പ്രകടനം കാഴചവച്ച ഓപ്പണര്‍ തമിം ഇഖ്ബാലിന്‍റെ പിന്‍ബലത്തിലാണ് ബംഗ്ലാദേശ് വിജയം നേടിയത്. തമിം ഇഖ്ബാലിന്‍റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും സ്പിന്നര്‍മാരുടെ മിന്നുന്ന പ്രകടനവുമായപ്പോള്‍ രണ്ടാം നിര ടീമുമായി ഇറങ്ങിയ ആതിഥേയര്‍ തകരുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ 345 റണ്‍സെടുത്ത ബംഗ്ലാദേശ് 277 റണ്‍സിന്‍റെ വിജയലക്‍ഷ്യമാണ്‌ വിന്‍ഡീസിന് നല്‍കിയത്‌. എന്നാല്‍, 181 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസിന്‍റെ ബാറ്റിംഗ് നിര തകര്‍ന്നു വീഴുകയായിരുന്നു. 51 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് നേടിയ മഹ്‌മുദല്ലയാണ് വിന്‍ഡീസിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റ് നേടിയ ഷഖിബ് അല്‍ ഹസ്സനും മികച്ച പ്രകടനമാണ് നടത്തിയത്.

നേരത്തെ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 238 റണ്‍സിനെതിരെ വിന്‍ഡീസ്‌ 307 റണ്ണെടുത്തിരുന്നു. 69 റണ്‍ ലീഡ്‌ വഴങ്ങിയിറങ്ങിയ ബംഗ്ലാദേശിനെ തമീം പൊരുതി നേടിയ സെഞ്ച്വറിയും ജുനൈദ്‌ സിദ്ധിക്ക്‌ (78) നേടിയ അര്‍ദ്ധസെഞ്ച്വറിയുമാണ്‌ രക്ഷിച്ചത്‌. 243 പന്തുകള്‍ നേരിട്ട്‌ 17 ബൗണ്ടറികള്‍ പായിച്ചാണ്‌ തമീം 128 റണ്ണെടുത്തത്‌. 160 പന്തുകളില്‍ നിന്ന് 78 റണ്‍സെടുത്ത ജുനൈദും ബറ്റിംഗില്‍ തിളങ്ങി‌.

വെബ്ദുനിയ വായിക്കുക