സച്ചിന് ഒരു ശതകം കൂടി, സെഞ്ച്വറി രാജാവ്

ഞായര്‍, 27 ഫെബ്രുവരി 2011 (18:08 IST)
PRO
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായുള്ള മത്സരത്തില്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സെഞ്ച്വറി. 103 പന്തുകളില്‍ നിന്നായി നാല് സിക്സറുകളും എട്ടു ബൌണ്ടറികളുമുള്‍പ്പടെ സച്ചിന്‍ 103 റണ്‍സ് എടുത്തു. 98 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ബ്രെസ്നനെ അതിര്‍ത്തി കടത്തിയാണ് സച്ചിന്‍ ശതകം കുറിച്ചത്. സച്ചിന്റെ ലോകകപ്പിലെ അഞ്ചാമത്തെയും ഏകദിനത്തിലെ നാല്‍പ്പത്തിയേഴാമത്തെയും ശതകമാണിത്.

പതിഞ്ഞ താളത്തിലാണ് സച്ചിന്‍ തുടങ്ങിയത്. സെവാഗ് ഇംഗ്ലണ്ട് ബൌളര്‍മാര്‍ക്ക് മേല്‍ താണ്ഡവമാടിയപ്പോള്‍ സച്ചിന്‍ കാഴ്ചക്കാരനായി നോക്കിനില്‍ക്കുകയായിരുന്നു. ഏഴാമത്തെ ഓവറില്‍ അഞ്ചാമത്തെ പന്തില്‍ സെവാഗ് പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഗംഭീറും വന്‍ അടികള്‍ക്ക് മുതിര്‍ന്നപ്പോള്‍ പ്രതിരോധത്തിലൂന്നിയാണ് സച്ചിന്‍ കളിച്ചത്. ബ്രെസ്നന്റെ ഒരു ഓവര്‍ മെയ്ഡണ്‍ ആക്കുകയും ചെയ്തു.

എന്നാല്‍, സിംഗിളുകള്‍ എടുത്ത് സ്കോര്‍ ഉയര്‍ത്താനാണ് സച്ചിന്‍ ശ്രമിച്ചത്. എന്നാല്‍ പതിനേഴാമാത്ത് ഓവറില്‍ കോളിംഗ്‌വുഡിനെ സിക്സര്‍ പറത്തി സച്ചിന്‍ താന്‍ മികച്ച ഫോമില്‍ തന്നെയെന്ന് തെളിയിച്ചു. ഇരുപത്തിയൊന്നാം ഓവറില്‍ 45 റണ്‍സില്‍ നില്‍ക്കെ കോളിംഗ്‌വുഡിനെ തന്നെ വീണ്ടും സിക്സറിന് തൂക്കിയാണ് സച്ചിന്‍ അര്‍ദ്ധ ശതകം പിന്നിട്ടത്. ആദ്യ അര്‍ദ്ധ ശതകം 67 പന്തുകളില്‍ നിന്ന് കണ്ടെത്തിയ സച്ചിന്‍ 36 പന്തുകളില്‍ നിന്നാണ് രണ്ടാം അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്.

ഗംഭീറിന്റെയും സെവാഗിന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഇരുപത്തിയെട്ടാമത്തെ ഓവറില്‍ ആന്‍ഡേഴ്സ്നെ അതിര്‍ത്തികടത്തി അര്‍ദ്ധ ശതകം കുറിച്ച ഗംഭീര്‍ തൊട്ടടുത്ത ഓവറില്‍ സ്വാന്റെ പന്തില്‍ ബള്‍ഡാകുകയായിരുന്നു. 61 പന്തുകളില്‍ നിന്നായി അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് ഗംഭീര്‍ 51 റണ്‍സ് എടുത്തത്.

വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിരേന്ദര്‍ സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 35 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.

മുപ്പത്തിയാറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 219 റണ്‍സ് ആണ് എടുത്തിട്ടുള്ളത്. 17 റണ്‍സെടുത്ത യുവരാജാണ് സച്ചിനൊപ്പം ക്രീസില്‍.

വെബ്ദുനിയ വായിക്കുക