സച്ചിന്‍ ഭീഷണിയല്ല: അഫ്രീദി

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (14:36 IST)
PRO
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു ഭീഷണിയല്ലെന്ന് പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ചാമ്പ്യന്‍സ് ട്രോഫിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഓപ്പണിംഗ് മാച്ചിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഫ്രീദി. സച്ചിനിപ്പോഴും പാകിസ്ഥാന് ഭീഷണിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്യാപ്റ്റന്‍ യൂനിസ് ഖാന് പരുക്കേറ്റതിനെ തുടര്‍ന്ന് അഫ്രീദിയാ‍ണ് ആദ്യമത്സരത്തില്‍ പാകിസ്ഥാനെ നയിക്കുന്നത്. ശനിയാഴ്ചയാണ് ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും വാശിയേറിയ മത്സരമെന്ന് ഇതിനോടകം പ്രചാരം ലഭിച്ച ഇന്ത്യ-പാക് പോരാട്ടം. 2003 ലാണെങ്കില്‍ സച്ചിന്‍റെ ഭീഷണി അംഗീകരിക്കാമെന്നായിരുന്നെന്ന് 2003 ലോകകപ്പില്‍ ഇന്ത്യയോടേറ്റ പരാജയം പരാമര്‍ശിച്ച് അഫ്രീദി പറഞ്ഞു. പക്ഷെ ഇത് 2009 ആണ്. ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പാക് ടീമിലും കാലത്തിനനുസരിച്ച് മാറ്റം വന്നിട്ടുണ്ട്. പാകിസ്ഥാന്‍റെ ഏറ്റവും സന്തുലിതമായ ടീമാണ് ചാമ്പ്യന്‍സ് ട്രോഫിക്കായി ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്.

ഏറ്റവും മികച്ച ടീമെന്ന് ഇന്ത്യ അവകാശപ്പെടുന്നുണ്ടാകാം. പക്ഷെ പാകിസ്ഥാനും മികച്ച ടീമാണ്. ഓരോ ടീമിനും അവരുടെ ശക്തി തിരിച്ചറിയാം. എന്നാല്‍ ഒരു ടീമിനെയും ദുര്‍ബ്ബലരാ‍യി പാകിസ്ഥാന്‍ കാണില്ല. ബാറ്റിംഗിലെന്ന പോലെ ബൌളിംഗിലും പാകിസ്ഥാന്‍ മെച്ചപ്പെട്ടെന്ന് അഫ്രീദി ചൂണ്ടിക്കാട്ടി. ബൌളിംഗ് ആയിരിക്കും ചാമ്പ്യന്‍സ് ട്രോഫിയിലെ പാകിസ്ഥാന്‍റെ പ്രധാന ആയുധമെന്നും അഫ്രീദി പറഞ്ഞു.

യുവരാജ് സിംഗിനെ ചെറിയ രീതിയില്‍ പ്രശംസിക്കാനും അഫ്രീദി മറന്നില്ല. തന്നെക്കാള്‍ മികച്ച ബാറ്റ്സ്മാനാണ് യുവരാജെന്നും ഇക്കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും അഫ്രീദി തുറന്ന് പറഞ്ഞു.