സച്ചിന്‍ പ്രചോദനമായി; യുവരാജ് ലോകകപ്പ് ഗംഭീരമാക്കി!

തിങ്കള്‍, 2 ഏപ്രില്‍ 2012 (12:07 IST)
PRO
PRO
ലോകകപ്പില്‍ തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പ്രചോദനമായത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണെന്ന് യുവരാജ് സിംഗ്. ഏറ്റവും ആവശ്യമുള്ളപ്പോഴാണ് നീ നിന്റെ മികവ് കാട്ടാറുള്ളത്- സച്ചിന്റെ ഈ വാക്കുകളാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് യുവരാജ് പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങള്‍ വരുമ്പോള്‍, എന്റെ ബാറ്റിംഗ് ഫോമിലും ഫിറ്റ്നെസ്സിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ ഞാന്‍ സച്ചിനോട് സംസാരിക്കും. ഏറ്റവും ആവശ്യം വരുമ്പോള്‍ ഞാന്‍ മികവ് കാട്ടുമെന്ന് സച്ചിന്‍ പറയും. അത് എനിക്ക് പ്രചോദനമേകും. എന്റെ ക്രിക്കറ്റ് കിറ്റിനൊപ്പം, ഞാനും സച്ചിനും ഒന്നിച്ചുള്ള ഒരു ചിത്രം എപ്പോഴുമുണ്ടാകും. ഓരോ തവണ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും ഞാന്‍ ആ ചിത്രമെടുത്ത് നോക്കും. സച്ചിന്‍ എനിക്ക് പ്രചോദനമാണ്- യുവരാജ് പറഞ്ഞു.

അര്‍ബുദ ചികിത്സയെത്തുടര്‍ന്ന് വിശ്രമിക്കുന്ന യുവരാജ്, ലോകകപ്പ് നേട്ടത്തെക്കുറിച്ച് അനുസ്മരിക്കുകയായിരുന്നു. ട്വിറ്ററില്‍ പോസ്റ്റുചെയ്ത അഭിമുഖത്തിലാണ് യുവരാജ് സച്ചിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. ലോകകപ്പില്‍ യുവരാജ് സിംഗ് ആയിരുന്നു മാന്‍ ഒഫ് ദ സീരിസ്.

വെബ്ദുനിയ വായിക്കുക