സച്ചിന്റെ രാജ്യസഭാംഗത്വം: കേന്ദ്രത്തിന്റെ വിശദീകരണം തേടി

ബുധന്‍, 16 മെയ് 2012 (15:48 IST)
PRO
PRO
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ രാജ്യസഭാംഗത്വം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. ഇനി ഹര്‍ജി പരിഗണിക്കുന്ന ജൂലായ് അഞ്ചിനകം വിശദീകരണം അറിയിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ സച്ചിന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലണ് കോടതി നിര്‍ദ്ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹി മുന്‍ എം എല്‍ എ രാംഗോപാല്‍ സിംഗ് ശിശോദിയ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കാതിരുന്ന സുപ്രീംകോടതിഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഭരണഘടനയിലെ എണ്‍പതാം വകുപ്പ് പ്രകാരം കല, സാഹിത്യം, സയന്‍സ് എന്നീ മേഖലകളിലുള്ളവരെ മാത്രമെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ പാടുള്ളൂവെന്ന് ശിശോദിയ ഹര്‍ജിയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക