വിദേശത്തും ടീം ഇന്ത്യയെ പുലികളാക്കാന്‍ ധര്‍മ്മശാല

ചൊവ്വ, 31 ജനുവരി 2012 (17:31 IST)
സ്വന്തം രാജ്യത്ത് ടീം ഇന്ത്യ പുലികളാണെന്ന കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടാകാനിടയില്ല. എന്നാല്‍ വിദേശത്ത് അങ്ങനെയല്ല കാര്യങ്ങള്‍. പുലികളെന്നല്ല പൂച്ച പോലും അല്ലാത്ത അവസ്ഥയാണ് കഴിഞ്ഞ പര്യടനങ്ങളില്‍ കണ്ടത്. തുടരെ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെട്ട ടീം ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളുള്ള വിദേശങ്ങളില്‍ ടീം ഇന്ത്യയെ വിജയത്തിലെത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആലോചിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഇതിലൊന്നു വിദേശരാജ്യങ്ങളിലേത് തുല്യമായ പശ്ചാത്തലങ്ങളൊരുക്കി ക്രിക്കറ്റ് പരിശീലിക്കുക എന്നതാണ്. അതിന് ധര്‍മ്മശാലയില്‍ ഒരു ക്രിക്കറ്റ് അക്കാദമി ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഈ പരിശീലന കേന്ദ്രം സമീപ ഭാവിയില്‍ തന്നെ തയ്യാറാകുമെന്നാണ് കരുതുന്നതെന്ന് ബി സി സി ഐ ജോയിന്റെ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പേസ് പിച്ച് ഒരുക്കാനാണ് പദ്ധതി. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലേക്കുള്ള പര്യടനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് സജ്ജമാകാനുള്ള അവസരം ഇവിടെ ഒരുക്കാനുമാണ് പദ്ധതി. ഇതുസംബന്ധിച്ച് വളരെ മുന്നേ ചില ബി സി സി ഐ അംഗങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായി അരുരാഗ് താക്കൂര്‍ പറഞ്ഞു.

ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ, ധര്‍മ്മശാലയിലെ സ്‌റ്റേഡിയത്തില്‍ ഐ പി എല്‍ നാലാം സീസണിലെ മത്സരങ്ങള്‍ നടന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ അതിമനോഹരമായ പ്രദേശത്താണ് സ്‌റ്റേഡിയം. ഇരുപതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് ധര്‍മശാലയിലുള്ളത്. നൂറുകോടി രുപ ചെലവില്‍ പവിലിയനും കളിക്കാര്‍ക്കു താമസിക്കാനുളള പ്രത്യേക കെട്ടിടവും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക