വാതുവയ്പിനു പിന്നില്‍ ദാവൂദ്‌ സംഘമെന്ന് ഡല്‍ഹി പൊലീസ്‌

തിങ്കള്‍, 27 മെയ് 2013 (16:52 IST)
PTI
PTI
ദാവൂദ്‌ ഇബ്രാഹിമിന്റെ സംഘം തന്നെയാണു ഐ പി എല്‍ വാതുവയ്പിനു പിന്നിലെന്നു ഡല്‍ഹി പൊലീസ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ മുഹമ്മദ്‌ യാഹ്യ, ദാവൂദ് സംഘത്തിന്റെ അടുത്ത ആളാണ്.

വാതുവയ്പിനു പിന്നില്‍ ദാവൂദിന്റെ സംഘത്തിന്റെ പ്രതിനിധി ആമിര്‍ എന്നയാളാണ്. ഒത്തുകളിക്കായി വിദേശത്തു നിന്നു വരുന്ന പണം ഇയാള്‍ മുഖേനയാണ്‌ താരങ്ങള്‍ക്കും മറ്റു വാതുവയ്പുകാര്‍ക്കും നല്‍കുന്നത്‌. കസ്റ്റഡിയിലുള്ള മുഹമ്മദ്‌ യാഹ്യയും ടിക്കു മണ്ഡിയുമാണ് ഇന്ത്യയില്‍ ആമിറിന്റെ മുഖ്യസഹായികളെന്നു പൊലീസ് പറഞ്ഞു‍.

ടിക്കൂ മണ്ഡിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ ഹൈദരാബാദ്‌ വിമാനത്താവളത്തില്‍ നിന്ന്‌ മുഹമ്മദ്‌ യാഹ്യയെ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരെ ചോദ്യം ചെയ്തതിലെന്നും ആമിറിന്റെ ഇ മെയില്‍ വിലാസം ലഭിച്ചിട്ടുണ്ട്‌. ഇതില്‍ നിന്ന്‌ ഒത്തുകളി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നും പൊലീസ് അറിയിച്ചു.

ഇവരില്‍ നിന്നു വാതുവയ്പ്‌ രംഗത്തെ മറ്റു രണ്ടു പ്രമുഖരെ കുറിച്ചും ഒത്തുകളിയില്‍ പങ്കുള്ള മൂന്ന്‌ ഇന്ത്യന്‍ താരങ്ങളെ കുറിച്ചും പൊലീസിന്‌ തെളിവ് ലഭിച്ചിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക