ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിന് ചരിത്ര വിജയം

തിങ്കള്‍, 20 ജൂലൈ 2009 (17:43 IST)
ചരിത്രമുറങ്ങുന്ന ലോര്‍ഡ്സില്‍ ഓസ്ട്രേലിയക്കെതിരെ ഒരു വിജയത്തിനായുള്ള ഇംഗ്ലണ്ടിന്‍റെ 75 വര്‍ഷത്തെ കാത്തിരിപ്പ് ഒടുവില്‍ വിരാമം. ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ 115 റണ്‍സിന് കീഴടക്കി പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. ലോര്‍ഡ്സിലെ അവസാന ടെസ്റ്റ് കളിച്ച ഫ്ലിന്‍റോഫ് അഞ്ചു വിക്കറ്റ് നേട്ടത്തോടെ രാജകീയമായി തന്നെ ക്രിക്കറ്റിന്‍റെ മെക്കയോട് വിട പറഞ്ഞു. ഫ്ലിന്‍റോഫ് തന്നെയാണ് കളിയിലെ കേമന്‍. സ്കോര്‍: ഇംഗ്ലണ്ട്: 425,311/6, ഓസ്ട്രേലിയ: 215, 406.

അവസാന ദിനം ജയത്തിന് 209 റണ്‍സ് അകലെ ബാറ്റേന്തിയ ഓസീസിന് തുടക്കത്തിലേ ബ്രാഡ് ഹാഡിനെ(80) നഷ്ടമായി. അവസാന പരമ്പര കളിക്കുന്ന ആന്‍ഡ്ര്യു ഫ്ലിന്‍റോഫാണ് മനോഹരമായ ഒരു പന്തിലൂടെ ഹാഡിന് മടക്ക ടിക്കറ്റ് നല്‍കിയത്. നാലാം ദിനത്തില്‍ ഓസീസ് ചെറുത്തു നില്‍‌പ്പിന് നേതൃത്വം നല്‍കിയ മൈക്കല്‍ ക്ലാര്‍ക്കിന്‍റെ ഊഴമായിരുന്നു പിന്നീട്.

സ്പിന്നര്‍ ഗ്രെയിം സ്വാനെതിരെ ഫ്രന്‍റ് ഫൂട്ടില്‍ കയറിവന്ന ക്ലാര്‍ക്കിന്‍റെ(136‌) ഓഫ് സ്റ്റമ്പ് ഇളകി. ഒപ്പം ഓസീസ് വിജയ പ്രതീക്ഷയും. പന്തു കൊണ്ട് തിളങ്ങിയില്ലെങ്കിലും ബാറ്റ് കൊണ്ട് ആഞ്ഞടിച്ച മിച്ചല്‍ ജോണ്‍സണ്‍(65) ഇംഗ്ലണ്ടിന്‍റെ ഹൃദയ മിടിപ്പ് അല്‍പ്പനേരത്തേക്ക് കൂട്ടിയെങ്കിലും കംഗാരുവിന്‍റെ വാലരിഞ്ഞ് ഫ്ലിന്‍റോഫ് ഒരിക്കല്‍ കൂടി ഓസീസിന്‍റെ അന്തകനായി. ഇംഗ്ലണ്ടിനായി ഫ്ലിന്‍റോഫ് അഞ്ചും സ്വാന്‍ നാലും വിക്കറ്റ് വീഴ്ത്തി.

വെബ്ദുനിയ വായിക്കുക