ലങ്കയ്ക്കെതിരെ പാകിസ്ഥാന് ലീഡ്

ബുധന്‍, 25 ഫെബ്രുവരി 2009 (13:13 IST)
ലങ്കയുയര്‍ത്തിയ കൂറ്റന്‍ ലക്‍ഷ്യം ഒടുവില്‍ പാകിസ്ഥാന്‍ മറികടന്നു. ഇതോടെ ആദ്യ ടെസ്റ്റ് സമനിലയില്‍ തീരുമെന്ന് ഉറപ്പായി. ട്രിപ്പിള്‍ സെഞ്ച്വറി നേടി പാക് ഇന്നിംഗ്സിന്‍റെ നെടുംതൂണായി നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റന്‍ യൂനിസ് ഖാനെ പുറത്താക്കിയത് മാത്രമാണ് ലങ്കയ്ക്ക് ആശ്വാസം പകരുന്നത്.

313 റണ്‍സെടുത്ത യൂനിസ് ഖാനെ ഫെര്‍ണാണ്ടോ ബൌള്‍ഡാക്കുകയായിരുന്നു. 568 പന്തില്‍ നിന്ന് 27 ഫോറുകളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു യൂനിസിന്‍റെ ഇന്നിംഗ്സ്.

അവസാന ദിവസമായ ഇന്ന് ഉച്ചഭക്ഷണത്തിന് കളിനിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 662 റണ്‍സ് എടുത്തിട്ടുണ്ട്. 644 റണ്‍സായിരുന്നു ലങ്കയുടെ ഒന്നാമിന്നിംഗ്സ് സ്കോര്‍.

സെഞ്ച്വറിയോട് അടുക്കുന്ന കമ്രാന്‍ അക്മലും 17 റണ്‍സെടുത്ത യാസിര്‍ അരാഫത്തുമാണ് ക്രീസില്‍. ജയവര്‍ധനെയും സമരവീരയും നേടിയ ഇരട്ട സെഞ്ച്വറികളുടെ ബലത്തിലായിരുന്നു ലങ്ക 644 റണ്‍സ് നേടിയത്.

വെബ്ദുനിയ വായിക്കുക