ലങ്കന്‍ താരങ്ങള്‍ക്ക് വിദേശ ലീഗില്‍ വിലക്ക്

ചൊവ്വ, 29 ജൂണ്‍ 2010 (14:41 IST)
വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശ്രീലങ്കന്‍ കളിക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മുന്‍‌നിര്‍ത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ലോകകപ്പ് മല്‍‌സരത്തിനായി ശക്തമായ ടീമിനെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായാണ് കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ലങ്കയുടെ ലോകകപ്പ് ടീം സാധ്യതാ ലിസ്റ്റിലെ 76 കളിക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നിരന്തര പരിശീലനം നല്‍കാനായി ഇവരെ ഒരു പ്രത്യേക ക്യാമ്പിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ നിന്നായിരിക്കും ദേശീയ സെലക്ടര്‍മാര്‍ അന്തിമ ടീമിനെ പ്രഖ്യാപിക്കുകയെന്ന് ശ്രീലങ്ക ക്രിക്കറ്റ് മീഡിയാ മാനേജര്‍ ബ്രെയിന്‍ തോമസ് പറഞ്ഞു. മുന്‍ ബാറ്റ്സ്മാന്‍ അരവിന്ദ ഡിസില്‍‌വയെ മുഖ്യ സെലക്ടറായി നിയമിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ക്ലബുകള്‍ക്ക് വേണ്ടി കളിക്കുന്ന മുന്‍ നായകന്‍ സനത് ജയസൂര്യയും സീം ബൌളര്‍ ചാമിന്ദ വാസും വിലക്ക് ബാധകമായവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ജയസൂര്യ വോര്‍ക്കിസ്റ്റര്‍ഷെയറിന് വേണ്ടിയും വാസ് നോര്‍ത്താം‌പ്റ്റണ്‍ ഷെയറിന് വേണ്ടിയുമാണ് കളിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങുന്ന ലോകകപ്പ് മല്‍‌സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. 1996 ലെ കിരീട നേട്ടം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കന്‍ ടീം.

വെബ്ദുനിയ വായിക്കുക