പാക് ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ മുന്‍ നായകന് മുഹമ്മദ് യൂസഫ് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ നായകന് ശഹീദ് അഫ്രീദി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ബാറ്റിംഗ് നിരയില്‍ മുഹമ്മദ് യൂസഫിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യൂസഫ് ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.
എന്നാല്‍, രാജ്യത്തിന് വേണ്ടി കളിക്കാന്‍ വിളിച്ചാല്‍ എപ്പോഴും തിരിച്ചുവരാന്‍ താന്‍ തയ്യാറാണെന്ന് യൂസഫ് അറിയിച്ചിട്ടുണ്ട്. ഏത് നായകന്റെ കീഴിലും കളിക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്നും ഇനിയും കൂടുതല്‍ കാലം ടീമിന് വേണ്ടി കളിക്കാന്‍ തനിക്ക് കഴിയുമെന്നും യൂസഫ് പറഞ്ഞു.
യുവതാരങ്ങളുടെ ബാറ്റിംഗ് നിര തകര്‍ന്നതാണ് ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെടാന്‍ കാരണമായത്. യൂസഫിന് നിലവിലെ പര്യടനത്തില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും അടുത്ത് നടക്കാനിരിക്കുന്ന യു എ ഇ പര്യടന ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ഒരിക്കല്‍ കൂടി അവസരം നല്കുകയാണെങ്കില് ഉടന്‍ തിരിച്ചുവരുമെന്ന് മാധ്യമപ്രവര്‍ത്തകരോട് യൂസഫ് പറഞ്ഞു.