മലിംഗയ്ക്ക് ഹാട്രിക്, കെനിയ കരിഞ്ഞമര്‍ന്നു

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2011 (20:48 IST)
ലസിത് മലിംഗ എന്ന തീച്ചൂടേറ്റ് കെനിയ കരിഞ്ഞു. ഈ ലോകകപ്പില്‍ ഇതുവരെ കെനിയ അത്ഭുതങ്ങളൊന്നും കാഴ്ചവച്ചില്ല. ചൊവ്വാഴ്ചയും അതുണ്ടായില്ല. മലിംഗ ഹാട്രിക് ഉള്‍പ്പടെ ആറ് വിക്കറ്റ് നേടിയ മത്സരത്തില്‍ 142 റണ്‍സിനാണ് കെനിയ ഓള്‍ ഔട്ടായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക വെറും 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

പീറ്റര്‍ ഒം‌ഗോണ്ടോ, ഷെം ഗോഷെ, ഏലിയാ ഒട്ടീനോ എന്നിവരെ തുടര്‍ച്ചയായി പുറത്താക്കിയാണ് മലിംഗ ഹാട്രിക് കുറിച്ചത്. ഇവര്‍ മൂവരും റണ്‍സൊന്നും കുറിക്കാതെയാണ് പുറത്തായത്. ഇതോടെ ലോകകപ്പില്‍ രണ്ടു തവണ ഹാട്രിക് നേടുന്ന ഏക താരമായി മലിംഗ. ലോകകപ്പ് ചരിത്രത്തിലെ ഏഴാം ഹാട്രിക് ആണിത്. തിങ്കളാഴ്ച നെതര്‍ലന്‍‌ഡ്സിനെതിരേ വെസ്റ്റിന്‍ഡീസിന്‍റെ കോമര്‍ റോച്ച്‌ ഹാട്രിക്‌ നേടിയിരുന്നു.

43.4 ഓവറിലാണ്‌ കെനിയ 142ന് കൂടാരം കയറിയത്. കോളിന്‍സ്‌ ഒബുയ(52), ഡേവിഡ്‌ ഒബുയ(51) എന്നിവര്‍ മാത്രമാണ്‌ കെനിയന്‍ നിരയില്‍ പിടിച്ചുനിന്നത്‌. മറ്റാരും രണ്ടക്കം കടന്നില്ല. കെനിയന്‍ ഓപ്പണര്‍മാര്‍ ടീം സ്കോര്‍ പത്തിലെത്തുന്നതിന് മുമ്പ് പുറത്തായിരുന്നു. കെനിയന്‍ ഓപ്പണര്‍ മോറിസ് ഓമ ഒരു റണ്‍സാണെടുത്തത്. കുലശേഖരയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങുകയായിരുന്നു. ഓപ്പണറായ സെറന്‍ വാട്ടേഴ്സും അതേരീതിയില്‍ പുറത്തായി. ലസിത് മലിംഗയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഒബുയ സഹോദരങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 44 റണ്‍സെടുത്ത ദില്‍‌ഷനെയാണ് നഷ്ടമായത്. ഉപുല്‍ തരംഗ(67*), കുമാര്‍ സംഗക്കാര(27*) എന്നിവര്‍ പുറത്താകാതെ നിന്നു.