മദ്യലഹരിയിലായ ക്രിക്കറ്റ് താരം ടോയ്‌ലറ്റ് വാതിലെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു

ചൊവ്വ, 2 ജൂലൈ 2013 (17:32 IST)
PRO
മദ്യ ലഹരിയിലായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ടോയ്‌ലറ്റിന്റെ വാതിലാണെന്ന് കരുതി തുറക്കാന്‍ ശ്രമിച്ചത് വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍. വിമാനം 35000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു താരം വാതില്‍ തുറക്കാന്‍ ശ്രമിച്ച് എല്ലാവരെയും ഭയപ്പെടുത്തിയത്.

വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം സെന്റ് ലൂസിയയില്‍ നിന്നും ലണ്ടന്‍ ഗാഡ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളടക്കം 229 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ആദ്യശ്രമത്തില്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കളിക്കാരന്‍ ആകാവുന്നത്ര ബലം ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ പരിശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് സഹകളിക്കാര്‍ ഇടപെട്ടാണ് വന്‍ അപകടം ഒഴിവാക്കിയത്. സംഭവം സത്യമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ കളിക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വെബ്ദുനിയ വായിക്കുക