ബാറ്റ്സ്മാന്‍റെ മനം പഠിക്കാന്‍ മെന്‍ഡിസ്

തിങ്കള്‍, 16 ഫെബ്രുവരി 2009 (13:58 IST)
PTI
ബാറ്റ്സ്മാന്‍റെ മനമറിഞ്ഞ് ബൌളിംഗിന് മൂര്‍ച്ച കൂട്ടാനൊരുങ്ങുകയാണ് ലങ്കയുടെ തീപ്പൊരി ബൌളര്‍ അജന്ത മെന്‍ഡിസ്. ഇന്ത്യയ്ക്കെതിരായ ഏകദിനങ്ങളിലേറ്റ തിരിച്ചടിയാണ് മെന്‍ഡിസിനെ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ പ്രേരിപ്പിക്കുന്നത്.

മെന്‍ഡിസിന് എന്തുപറ്റിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയാണ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്‍ പര്യടനത്തിനായി കറാച്ചിയില്‍ എത്തിയതായിരുന്നു ജയവര്‍ധന.

തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട സ്മാര്‍ട്ടായ മെന്‍ഡിസിനെയാകും ഇനി ഗ്രൌണ്ടില്‍ കാണുകയെന്നും ജയവര്‍ധന പറഞ്ഞു. മുതിര്‍ന്ന ബൌളര്‍ മുത്തയ്യ മുരളീധരന്‍ മെന്‍‌ഡിസിന് ഒരു നല്ല അധ്യാപകന്‍ ആയിരിക്കുമെന്നും ജയവര്‍ധന കൂട്ടിച്ചേര്‍ത്തു.

ലങ്കയ്ക്കെതിരെ കളിക്കുന്ന മികച്ച ടീമുകളില്‍ ഒന്നാണ് ഇന്ത്യയെന്നും മെന്‍ഡിസിനെ അനായാസം കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് ആയെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക