അടുത്തമാസം നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തോടെ ടീമില്‍ തിരിച്ചെത്താനാകുമെന്ന് പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ ഷോയബ് അക്തര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കാല്‍മുട്ടിനേറ്റ പരിക്കുമൂലം കുറച്ചുനാളായി വിശ്രമിക്കുകയാണ് അക്തര്‍.
പരിക്ക് ഭേദമാകാത്തതിനാല്‍ ശ്രീലങ്കയുമായി നടക്കുന്ന ടെസ്റ്റില്‍ കളിക്കില്ലെന്ന് അക്തര്‍ വ്യക്തമാക്കി. കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവരില്ലെന്നും മതിയായ വിശ്രമം മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.
തന്‍റെ എംആര്‍ഐ റിപ്പോര്‍ട്ട് ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും വിദഗ്ധര്‍ക്ക് അയച്ചുകൊടുത്തതായും ശസ്ത്രക്രിയ വേണ്ടെന്ന മറുപടിയാണ് അവര്‍ നല്‍കിയതെന്നും അക്തര്‍ പറഞ്ഞു. 2006ല്‍ അക്തറിന്‍റെ ഇരുകാലുകളിലും ശസ്ത്രക്രിയ നടത്തിയിരുന്നു.
കഴിഞ്ഞ മാസം ശ്രീലങ്കയ്ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ നിന്നാണ് പരിക്കിനെ തുടര്‍ന്ന് അക്തര്‍ പിന്‍മാറിയത്. ഇതിനു മുമ്പും ദീര്‍ഘനാള്‍ പരിക്ക് മൂലം അക്തറിന് ഗ്രൌണ്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നിരുന്നു. രണ്ടു ട്വന്‍റി-20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് പാകിസ്ഥാന്‍റെ ബംഗ്ലാദേശ് പര്യടനത്തില്‍ ഉള്ളത്.