ബംഗ്ലാദേശിനും നേപ്പാളിനും വിജയം

തിങ്കള്‍, 17 മാര്‍ച്ച് 2014 (09:29 IST)
PRO
ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ്‌ എ യിലെ ആദ്യ യോഗ്യതാ മല്‍സരത്തില്‍ ബംഗ്ലദേശിന്‌ ഒന്‍പതു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. അഫ്ഗാനിസ്ഥാനെ 17.1 ഓ‍വറില്‍ 72 റണ്‍സിനു പുറത്താക്കിയ ബംഗ്ലദേശ്‌ 12 ഓ‍വറില്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ വിജയത്തിലെത്തി.

ഷക്കിബ്‌ അല്‍ ഹസന്‍ 3.1 ഓ‍വറില്‍ എട്ടു റണ്‍സ്‌ മാത്രം വിട്ടുകൊടുത്തു മൂന്നു വിക്കേറ്റ്ടുത്തു. അബ്ദുര്‍ റസാഖ്‌ 20 റണ്‍സിനു രണ്ടു വിക്കറ്റും സ്വന്തമാക്കി. മുര്‍ത്തസയുടെ ആദ്യപന്തില്‍ തന്നെ മുഹമ്മദ്‌ ഷെഹ്സാദിനെ നഷ്ടമായ അഫ്ഗാനിസ്ഥാന്‌ പിന്നീടു കരകയറാന്‍ കഴിഞ്ഞില്ല. രണ്ടാം വിക്കറ്റില്‍ ഗുലാബ്ദിന്‍ നയിബും (21) തുടക്കക്കാരന്‍ നജീബ്‌ ടാരകായിയും (ഏഴ്‌) ചേര്‍ന്ന്‌ 36 റണ്‍സെടുത്തു. മൂന്നു ഫോറും ഒരു സിക്സറും നേടി 22-ാ‍ം പന്തില്‍ ഗുലാബ്ദിന്‍ പുറത്തായതോടെ കൂട്ടത്തകര്‍ച്ച തുടങ്ങി.

ബംഗ്ലദേശിനുവേണ്ടി ഓ‍പ്പണര്‍ അനാമുല്‍ ഹഖ്‌ 44 റണ്‍സെടുത്തു പുറത്താകാതെനിന്നു. 33 പന്തുകള്‍ നേരിട്ട ഹഖ്‌ മൂന്നു സിക്സറും നാലു ബൗണ്ടറിയും നേടി. 21 റണ്‍സെടുത്തു തമിം ഇക്ബാലിന്റെ വിക്കറ്റാണ്‌ ബംഗ്ലദേശിനു നഷ്ടമായത്‌.

ചിറ്റഗോങ്ങില്‍ നടന്ന മല്‍സരത്തില്‍ ഹോങ്കോങ്ങിനെതിരെ നേപ്പാള്‍ 80 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്‌ത നേപ്പാള്‍ എട്ടു വിക്കറ്റിന്‌ 149 റണ്‍സെടുത്തു. ഗ്യാനേണ്ട മല്ലയുടെ 48 റണ്‍സ്‌ ആയിരുന്നു നേപ്പാള്‍ ഇന്നിങ്ങ്സിന്റെ ഹൈലൈറ്റ്‌. പരസ്‌ ഖാഡ 41 റണ്‍സ്‌ നേടി. സുഭാഷ്‌ ഖകുറേല്‍ 22 റണ്‍സിനു പുറത്തായി.

ഹോങ്കോങ്ങിനു വേണ്ടി ഹസീബ്‌ അംജദ്‌ 25 റണ്‍സ്‌ വഴങ്ങി മൂന്നു വിക്കേറ്റ്ടുത്തു. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റ ഹോങ്കോങ്ങ്‌ 17 ഓ‍വറില്‍ 69 റണ്‍സിന്‌ ഓ‍ള്‍ഔ‍ട്ടായി.
ഇന്ന്‌ അയര്‍ലന്‍ഡും സിംബാബ്‌വെയും തമ്മിലും യുഎഇയും ഹോളണ്ടും തമ്മിലും ഏറ്റുമുട്ടും.

വെബ്ദുനിയ വായിക്കുക