പോണ്ടിംഗ് മോശക്കാരന്‍ !

Webdunia
ശനി, 2 ജനുവരി 2010 (12:35 IST)
PRO
കഴിഞ്ഞ രണ്ട് ദശകത്തിനിടെ ക്രിക്കറ്റ് കണ്ട ഏറ്റവും മോശം പെരുമാറ്റക്കാരന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിഗ്. ഡെയ്‌ലി ടെലഗ്രാഫ് നടത്തിയ സര്‍വെയിലാണ് പോണ്ടിംഗ് കഴിഞ്ഞ രണ്ട് ദശകത്തിനിടയിലെ ഏറ്റവും വലിയ തെമ്മാടിയായത്. കളിക്കളത്തിലെ പോണ്ടിംഗിന്‍റെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍‌മാരായ മാര്‍ക് ടെയ്‌ലറും സ്റ്റീവ് വോയും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടയിലെ ഓസ്ട്രേലിയന്‍ ടീമിന്‍റെ പെരുമാറ്റം പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഐ സി സി അച്ചടക്ക നടപടി ഏര്‍പ്പെടുത്തിയ 1992നുശേഷം ഇതുവരെ 25000 ഡോളറാണ് പോണ്ടിംഗ് പിഴയായി ഒടുക്കിയത്.

പോണ്ടിംഗിന്‍റെ ആറ് അച്ചടക്ക ലംഘനങ്ങളില്‍ നാലും അമ്പയറുടെ തീരുമനത്തോട് പ്രതിഷേധിച്ചതിനായിരുന്നു. പോണ്ടിംഗിന്‍റെ നായകത്വത്തിനു കീഴില്‍ ഓസീസ് ടീം 18 തവണയാണ് അച്ചടക്ക നടപടിയ്ക്ക് വിധേയരായത്. ടെയ്‌ലര്‍ നായകനായിരുന്ന 1992 മുതല്‍ 99 വരെയുള്ള കാലഘട്ടത്തേക്കാള്‍ ഇരട്ടിയാണിത്. ഓസ്ട്രേലിയന്‍ ടീം തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുമ്പോഴും ഐ സി സി മൃദുസമീപനം സ്വീകരിക്കുന്നു എന്ന പരാതി നിലനില്‍ക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.