ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് ഏറെ സ്നേഹിക്കുന്ന പച്ച തൊപ്പിയ്ക്ക് ചെറിയ പരുക്ക്. വര്‍ഷങ്ങളായി തന്‍റെ പ്രിയ ടെസ്റ്റ് ക്യാപ്പായ പച്ച തൊപ്പി, വ്യാഴാഴ്ച പാകിസ്ഥാനെതിരേ തുടങ്ങുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി കേടുപാട് തീര്‍ക്കാനായി നിര്‍മാതാക്കളായ അല്‍ബിയോണിന് നല്‍കിയിരിക്കുകയാണ് പോണ്ടിംഗ് ഇപ്പോള്‍.
യഥാര്‍ത്ഥത്തില്‍ ഇത് പോണ്ടിംഗിന്‍റെ അരങ്ങേറ്റം മുതലുള്ള ടെസ്റ്റ് ക്യാപ്പല്ല. 1995ല്‍ പെര്‍ത്തില്‍ അരങ്ങേറിയപ്പോള്‍ ലഭിച്ച ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ് ശ്രീലങ്കന്‍ പര്യടനത്തിനിടെ മോഷണാം പോയിരുന്നു. അതിനുശേഷമുള്ള തൊപ്പിയാണ് കാലപ്പഴക്കം കൊണ്ട് ഇപ്പോള്‍ വിരമിക്കാറായിരിക്കുന്നത്.
എന്നാല്‍ തൊപ്പിയില്‍ കാര്യമായ കേടുപാടുകളൊന്നുമില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. അതുകൊണ്ട് പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കാതെ തന്നെ തൊപ്പിയിലെ ചെറിയ കേടുപാടുകള്‍ തീര്‍ത്ത് പോണ്ടിംഗിനെ തിരിച്ചേല്‍പ്പിക്കാനാണ് അല്‍ബിയോണിന്‍റെ തിരുമാനം.
പാകിസ്ഥാനെതിരായ ടെസ്റ്റിന് മുന്‍പ് പോണ്ടിംഗിന് തൊപ്പി കൈമാറാനാകുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനും (42 ടെസ്റ്റ് വിജയങ്ങള്‍), വിജയങ്ങളില്‍ പങ്കാളിയായ താരവും (93) കൂടിയായ പോണ്ടിംഗ് തന്‍റെ തൊപ്പിയെ ഭാഗ്യ ചിഹ്നമായി കൂടിയാണ് കണക്കാക്കുന്നത്.