പിറന്നാള്‍ ആശംസകള്‍ക്ക് നടുവില്‍ സച്ചിന്‍

വെള്ളി, 24 ഏപ്രില്‍ 2009 (18:42 IST)
പിറന്നാള്‍ ആശംസകള്‍ക്ക് നടുവിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വെള്ളിയാഴ്ച‍. വയസ് 36 ആയെങ്കിലും തന്‍റെ മനസിപ്പോഴും പതിനാറിലാണെന്നായിരുന്നു പിറന്നാള്‍ മധുരം പങ്കുവെക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സച്ചിന്‍റെ പ്രതികരണം.

മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം ഇക്കുറിയും പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യ അഞ്ജലിയും മക്കളും ആഘോഷങ്ങളില്‍ പങ്കുചേരാനെത്തിയിരുന്നു.

ടീം ഇന്ത്യയില്‍ സച്ചിന്‍റെ സഹപ്രവര്‍ത്തകരായ യുവരാജ് അടക്കമുള്ള താരങ്ങളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ആശംസകള്‍ നേരാന്‍ എത്തി. കഴിഞ്ഞ കൊല്ലവും മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു സച്ചിന്‍ പിറന്നാള്‍ ആഘോഷിച്ചത്.

സച്ചിനെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകം പുറത്തിറക്കിക്കൊണ്ടായിരുന്നു മുംബൈ പ്രിയതാരത്തിന്‍റെ ജന്‍മദിനം കൊണ്ടാടിയത്. ക്രിക്കറ്റ് ഒരു മതമായിരുന്നെങ്കില്‍ സച്ചിന്‍ അതിന്‍റെ ദൈവമായേനെ എന്ന പുസ്തകമാണ് പ്രകാ‍ശനം ചെയ്തത്. അഹമ്മദാബാദ് ഐഐ‌എമ്മിലെ വിദ്യാര്‍ത്ഥികളായ വിജയ് സന്താനവും ശ്യാം ബാലസുബ്രഹ്മണ്യവുമാണ് പുസ്തകം രചിച്ചത്.

വെബ്ദുനിയ വായിക്കുക