പിയൂഷ് ശ്രീശാന്തിനെ പുറത്താക്കുമോ?

Webdunia
വ്യാഴം, 24 ഫെബ്രുവരി 2011 (13:26 IST)
PRO
PRO
ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം മത്സരത്തിന് ഒരുങ്ങുമ്പോള്‍ ഇന്ത്യക്ക് ആശങ്ക ബൌളിംഗില്‍. ശക്തരായ ഇംഗ്ലണ്ടിനെ അടിയറവ് പറയിപ്പിക്കണമെങ്കില്‍, ബാറ്റിംഗ് പുലികളായ ഇന്ത്യക്ക് ബൌളിംഗ് കരുത്തും കൂടിയേ തീരൂ. ഈ സാഹചര്യത്തില്‍ ബൌളര്‍മാരില്‍ ആരൊക്കെ പതിനൊന്നംഗ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആശയക്കുഴപ്പത്തിലാണ് ടീം നായകന്‍ ധോണി.

ബംഗ്ലാദേശിനെതിരെയുള്ള മത്സരം ഇന്ത്യന്‍ ബൌളിംഗ് നിരയുടെ ദൌര്‍ബല്യം തുറന്നുകാട്ടിയതാണ്. ആദ്യ ആറ് ഓവറില്‍ ബംഗ്ലാദേശ് 55 റണ്‍സ് ആണ് നേടിയത്. 48 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ മുനാഫ് പട്ടേലാണ് അന്ന് ബൌളിംഗില്‍ തിളങ്ങിയത്. സഹീര്‍ ഖാന്‍ രണ്ടും ഹര്‍ഭജനും യൂസഫ് പഠാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. പക്ഷേ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം എസ് ശ്രീശാന്ത് നിരാശപ്പെടുത്തി. രണ്ട് സ്‌പെല്ലിലായി അഞ്ചോവര്‍ എറിഞ്ഞ ശ്രീശാന്ത് 53 റണ്‍സാണ്‌ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും സ്വന്തമാക്കാന്‍ ശ്രീശാന്തിന് ആയില്ല.

പ്രവീണ്‍ കുമാര്‍ പരുക്കേറ്റ് പുറത്തായതിനാലാണ് ശ്രീശാന്തിന് ലോകകപ്പ് ടീമിലേക്ക് വഴി തുറന്നത്. പേസ് ബൌളര്‍ ആശിഷ് നെഹ്രയ്ക്ക് പരുക്കേറ്റതിനാല്‍ ബംഗ്ലാദേശിനെതിരെ പതിനൊന്നംഗ ടീമിലും ശ്രീശാന്ത് ഉള്‍പ്പെട്ടു. പക്ഷേ മികച്ച പ്രകടനം കാഴ്ച വച്ച് തന്റെ സാന്നിധ്യം ടീമിന് ആവശ്യമാണ് എന്ന് തെളിയിക്കാന്‍ മലയാളി താരത്തിനായില്ല. ഏകദിനത്തിന് പറ്റിയ ബൌളറല്ല ശ്രീശാന്ത് എന്ന വാദത്തിന് ശക്തി കൂടുകയും ചെയ്തു. ബാറ്റിംഗിന് അനുകൂലമായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചില്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കുക എന്നത് പരമപ്രധാനമാണ് എന്നിരിക്കെ അടുത്ത മത്സരത്തില്‍ ശ്രീശാന്തിന് അവസരം ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍.

പക്ഷേ, പകരം ആര് എന്ന ചോദ്യവും ഉയരുന്നുണ്ട്. ആശിഷ് നെഹ്ര പരുക്കില്‍ നിന്ന് പൂര്‍ണമായിട്ട് മുക്തനായിട്ടില്ല. ശ്രീശാന്തിന് പകരം അവസരം ലഭിക്കാന്‍ സാധ്യതയുള്ള താരം സ്പിന്നര്‍ പിയൂഷ് ചൌളയാണ്. സന്നാഹ മത്സരത്തില്‍ ഓസീസിനെതിരെയുള്ള ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് പിയൂഷ് ചൌളയുടെ പ്രകടനമാണ്. ഓസീസിന്റെ നാലു വിക്കറ്റുകളാണ് പിയൂഷ് സ്വന്തമാക്കിയത്. ഈ മിന്നും പ്രകടനം പിയൂഷിന് ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയുടെ പതിനൊന്നംഗ ടീമില്‍ ഇടം നേടിക്കൊടുത്തേക്കുമെന്നാണ് കരുതുന്നത്.

പിയൂഷ് ടീമിലെത്തിയാല്‍ രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരാകും ഇന്ത്യക്ക്. ബൌളിംഗില്‍ 2-2 എന്ന സമവാക്യം സ്വീ‍കരിക്കേണ്ടി വരും. പക്ഷേ ഹര്‍ഭജന്‍ നേതൃത്വം നല്‍കുന്ന സ്പിന്‍ നിരക്ക്, ബാറ്റ്സ്മാന്‍‌മാരായ യുവരാജും സെവാഗും ആവശ്യമെങ്കില്‍ സച്ചിനുമൊക്കെ പിന്തുണ നല്‍കാന്‍ പര്യാപ്തരാണ്. അതിനാല്‍ ഒരു സ്പെഷലിസ്റ്റ് സ്പിന്നറെ കൂടി ടീമില്‍ ആവശ്യമുണ്ടോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ശ്രീശാന്തിന് ഒരു അവസരം കൂടി നല്‍കാന്‍ ധോണി തയ്യാറായേക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അതോ പിയൂഷ് ചൌളയെ പരീക്ഷിക്കുമോ?

ഇന്ത്യന്‍ ടീമിലെ ഇപ്പോഴത്തെ ബൌളിംഗ് നിരയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ? ടീമിന്റെ ബൌളിംഗ് നിലവാരത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ വായനക്കാരെയും ക്ഷണിക്കുന്നു.