നായകനായി ഉടന്‍ തിരിച്ചെത്തുമെന്ന് അഫ്രീദി

Webdunia
ബുധന്‍, 28 ജൂലൈ 2010 (13:28 IST)
PRO
പാകിസ്ഥാന്‍ ഏകദിന, ട്വന്‍റി-20 ടീമുകളുടെ നായകനായി ഉടന്‍ തിരിച്ചെത്തുമെന്ന് ഷാഹിദ് അഫ്രീദി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തന്നെ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിനുശേഷം നായകപദവി ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ അഫ്രീദി പറഞ്ഞു. പേശിവലിവിനെ തുടര്‍ന്നാണ് ആദ്യ ടെസ്റ്റിനുശേഷം ഉടന്‍ നാട്ടിലേയ്ക്ക് മടങ്ങിയത്. പരുക്കില്‍ നിന്ന് ഇപ്പോഴും പൂര്‍ണമായും ഭേദമായിട്ടില്ല.

എങ്കിലും സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് ജയിച്ച പാകിസ്ഥാന്‍ ടീമിനെ അഫ്രീദി അഭിനന്ദിച്ചു. പാക് വിജയത്തില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ആ സമയത്ത് ടീമിനൊപ്പം ഉണ്ടാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. വിജയത്തിനുശേഷം എല്ലാ കളിക്കാരെയും വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും അഫ്രീദി പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് അഫ്രീദിയെ നായകനായി തെരഞ്ഞെടുത്തിരുന്നുവെങ്കിലും ആദ്യ ടെസ്റ്റിലെ തോല്‍‌വിയ്ക്ക് ശേഷം ടെസ്റ്റില്‍ നിന്ന് വിടചൊല്ലുകയാണെന്ന് പ്രഖ്യാപിച്ച് അഫ്രീദി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് സല്‍‌മാന്‍ ബട്ടാണ് പാകിസ്ഥാനെ രണ്ടാം ടെസ്റ്റില്‍ നയിച്ചത്.