ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ വിരമിക്കുമെന്ന ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രസ്താവനയ്ക്ക് മുന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലിയുടെ വിമര്‍ശനം. ധോണിയുടെ പ്രസ്താവന അനവസരത്തിലുളളതാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു.
ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തെ തമാശയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണി സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന സമയമാണിപ്പോള്‍. ഇക്കാര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റിലേയും ഏകദിനത്തിലേയും ധോണിയുടെ പ്രകടനങ്ങള്‍ തമ്മില്‍ ഏറെ വ്യത്യാസം തോന്നിയിട്ടുണ്ടെന്ന് ഗാംഗുലി വിലയിരുത്തി. ധോണി ടെസ്റ്റ് ക്രിക്കറ്റ് ആസ്വദിക്കുന്നില്ലെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി 2015-ല്‍ നടക്കുന്ന ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 2013-ല്‍ ടെസ്റ്റിനോട് വിട പറയുന്നത് എന്നായിരുന്നു ധോണിയുടെ വിശദീകരണം.