ധോണിയും കൂട്ടരും വീണ്ടും കളിമറന്നു

വെള്ളി, 27 ഫെബ്രുവരി 2009 (13:22 IST)
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്‍റി20യിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ ഇന്നും കിവീസിന്‍റെ ബൌളിംഗ് മൂര്‍ച്ചയ്ക്ക് മുന്നില്‍ പതറി. 20 ഓവറില്‍ 149 റണ്‍സിന് ഇന്ത്യയുടെ ബാറ്റിംഗ് അവസാനിച്ചു. മധ്യനിരയുടെ മികവില്‍ ആണ് ഇന്ത്യയ്ക്ക് ഇത്രയെങ്കിലും സ്കോര്‍ നേടാനായത്

അലക്‍ഷ്യമായി മുന്‍‌നിര വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. കഴിഞ്ഞ മത്സരത്തിലേതുപോലെ ഉജ്ജ്വല തുടക്കം നല്‍കി സെവാഗ് ആദ്യമേ പുറത്തായി. 11 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെ അകമ്പടിയോടെ 24 റണ്‍സെടുത്ത സെവാഗ് ബ്രെയ്ന്‍റെ പന്തില്‍ വെറ്റോറിക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

10 റണ്‍സെടുത്ത ഗംഭീറിനെ പിന്നീട് ബട്‌ലറും മടക്കിയയച്ചു. കഴിഞ്ഞ കളിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ റെയ്നയെ ഇന്ന് പൂജ്യത്തിനാണ് കീവീസ് തിരിച്ചയച്ചത്. ബട്‌ലറുടെ പന്തില്‍ സൌത്തീക്ക് പിടികൊടുത്ത് റെയ്ന മടങ്ങി. സ്കോര്‍ അറുപതിലെത്തിയപ്പോഴേക്കും ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.

പിന്നീട് ക്രീസില്‍ ഒന്നിച്ച യുവരാജും ധോണിയുമാണ് വിക്കറ്റുകളുടെ കൂട്ടക്കൊഴിച്ചിലിന് തടയിട്ടത്. ആറാം ഓവറില്‍ ബട്‌ലറുടെ പന്ത് ബൌണ്ടറിയിലേക്ക് പറത്തിയ യുവരാ‍ജ് കഷ്ടിച്ചാണ് രക്ഷപെട്ടത്. ക്യാ‍ച്ചിനുള്ള ശ്രമത്തിനിടെ ബ്രൂമിന്‍റെ കാല്‍ ബൌണ്ടറി ലൈനില്‍ സ്പര്‍ശിച്ചിരുന്നു. എന്നാല്‍ അര്‍ദ്ധസെഞ്ച്വറി തികച്ച യുവരാജ് ബ്രെയ്ന്‍റെ പന്തില്‍ ഓറത്തിന് പിടികൊടുത്ത് പുറത്തായി. 33 പന്തുകളാണ് 50 തികയ്ക്കാന്‍ യുവരാജിന് വേണ്ടിവന്നത്. ഇതില്‍ നാല് കൂറ്റന്‍ സിക്സറുകളും മൂന്ന് ബൌണ്ടറിയും ഉള്‍പ്പെടുന്നു.

ക്രീസിലുണ്ടായിരുന്നെങ്കിലും പലപ്പോഴും റണ്‍സ് കണ്ടെത്താന്‍ ഇന്ത്യന്‍ നായകന്‍ നന്നേ വിഷമിച്ചു. 30 പന്തില്‍ നിന്ന് 28 റണ്‍സാണ് ധോണിയുടെ സംഭാവന. പിന്നീടെത്തിയ യൂസഫ് പത്താനെ(2 പന്തില്‍ നിന്ന് 0) ക്രീസില്‍ ചുവടുറപ്പിക്കും മുമ്പ് വെറ്റോറി പറഞ്ഞയച്ചു.

തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ ഇന്ത്യന്‍ സ്കോറിന് അല്‍‌പം വേഗത പകര്‍ന്നു. 16 പന്തില്‍ നിന്ന് ഒരു ഫോറും സിക്സറുമടക്കം ജഡേജ 19 റണ്‍സെടുത്തു. ഒടുവിലിറങ്ങിയ ഇര്‍ഫാന്‍ പത്താനും ഇന്ത്യയ്ക്ക് 15 റണ്‍സ് സംഭാവന ചെയ്തു.

വെബ്ദുനിയ വായിക്കുക