ധോണിക്ക് ഫെയര്‍ പ്ലേ അവാര്‍ഡ്

Webdunia
തിങ്കള്‍, 2 ജനുവരി 2012 (19:48 IST)
PRO
PRO
ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് പ്രസ് അസോസിയേഷന്‍റെ (എഐപിഎസ്) ഫെയര്‍ പ്ലേ അവാര്‍ഡ് ടീം ഇന്ത്യയുടെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പയ്ക്കിടെ ധാരണാപ്പിശകുമൂലം ഔട്ടായ ബാറ്റ്സ്മാന്‍ ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ചതാണു ധോണിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

എഐപിഎസ് സെക്രട്ടറി ജനറല്‍ റോസ് ലിന്‍ മോറിസാണു ധോണിയെ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 2012ലെ ഐപിഎല്‍ എഡിഷനിടെ അവാര്‍ഡ് സമ്മാനിക്കും. എഐപിഎസ് പ്രസിഡന്‍റ് ജിയാന്നി മെര്‍ലോ ആയിരിക്കും അവാര്‍ഡ് നല്‍കുക.

ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റില്‍ ചായക്കു പിരിയുന്നതിനു തൊട്ടു മുമ്പത്തെ പന്തില്‍ ബെല്‍ റണ്ണൗട്ടായതായിരുന്നു. ഇയോന്‍ മോര്‍ഗാന്‍ അവസാന പന്ത്‌ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത്‌ പ്രവീണ്‍ കുമാര്‍ തടഞ്ഞു. പന്ത്‌ അതിര്‍ത്തി കടന്നെന്ന ധാരണയില്‍ മൂന്നാം റണ്‍സ്‌ പൂര്‍ത്തിയാക്കിയ ശേഷം ബെല്‍ ക്രീസ്‌ വിട്ടു. പന്ത്‌ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍നിന്ന ഫീല്‍ഡറുടെ കൈയിലെത്തുമ്പോള്‍ ബെല്‍ ക്രീസിലില്ലായിരുന്നു. ഇന്ത്യയുടെ അപ്പീലിന്മേല്‍ ടി വി റിപ്ലേയില്‍ മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചു.

എന്നാല്‍ അപ്പീല്‍ പിന്‍വലിച്ച് ബെല്ലിനെ തിരിച്ചുവിളിക്കാന്‍ ഇന്ത്യന്‍ നായകന്‍ ധോണി ആവശ്യപ്പെടുകയായിരുന്നു. ചായ ഇടവേളയില്‍ ടീം മാനേജുമെന്റുമായി ആലോചിച്ചതിന് ശേഷമാണ് ബെല്ലിനെ തിരിച്ചുവിളിക്കാന്‍ അമ്പയര്‍മാരോട് ധോണി ആവശ്യപ്പെട്ടത്.