ഒരു മാസം നീളുന്ന പര്യടനത്തിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുംബൈയില്‍ എത്തി. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 12.20 നുള്ള വിമാനത്തിലാണ് ഗ്രെയിം സ്മിത്തും സംഘവും എത്തിയത്. ഇന്ത്യയ്ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്നതാണ് ദക്ഷിണാഫ്രിക്കയുടെ പര്യടനം.
ശനിയാഴ്ച നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്. ഇതിനു മുന്നോടിയായി മുംബൈ മധ്യനിര ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ബോര്‍ഡ് പ്രസിഡന്‍റ് ഇലവനുമായി ദക്ഷിണാഫ്രിക്കന്‍ ടീം രണ്ട് പരിശീലന മത്സരങ്ങള്‍ കളിക്കും.
കൊല്‍ക്കത്തയില്‍ ഫെബ്രുവരി പതിന്നാലു മുതലാണ് രണ്ടാം ടെസ്റ്റ് നടക്കുക. തുടര്‍ന്ന് ഇരുപത്തിയൊന്നിന് ജയ്പൂരില്‍ ആദ്യ ഏകദിനവും കാണ്‍പൂരില്‍ ഇരുപത്തിനാലിന് രണ്ടാം ഏകദിനവും ഇരുപത്തിയേഴിന് അഹമ്മദാബാദില്‍ മൂന്നാം ഏകദിനവും നടക്കും.
കോച്ച് മിക്കി ആര്‍തറുടെ രാജിയും സെലക്ഷന്‍ കമ്മറ്റിയെ പിരിച്ചുവിട്ടതും അടക്കമുള്ള വിവാദങ്ങള്‍ക്കിടെയാണ് ടീമിന്‍റെ ഇന്ത്യന്‍ പര്യടനം. താല്‍ക്കാലിക പരിശീലക ചുമതലയുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ ഫാസ്റ്റ് ബൌളര്‍ കോറീ വാന്‍ സിലിന്‍റെ കീഴിലാണ് ടീം ഇന്ത്യയില്‍ മത്സരത്തിന് ഇറങ്ങുക.