ഫിറൊസ് ഷാ കോട്‌ലാ സ്റ്റേഡിയത്തില്‍ തന്‍റെ ആദ്യ ടെസ്റ്റ് വിജയം നേടിയതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ടീമിനു നല്‍കുകയാണ് പുതിയ ടെസ്റ്റ് നായകന്‍ അനില്‍കുംബ്ലേ. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ തുണയായത് ടീമിന്‍റെ ഓള്‍ റൌണ്ട് പ്രകടനമാണെന്ന് കുംബ്ലേ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് വിജയത്തിനു കരണമായി കുംബ്ലേ കരുതുന്നത്. “കാര്യങ്ങളെല്ലാം ശരിയായ വഴിക്കായിരുന്നു. കളിക്കാര്‍ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി. രണ്ടിന്നിംഗ്സിലും പാകിസ്ഥാനെ 250 റണ്‍സിനു പിന്നില്‍ പുറത്താക്കിയ ബൌളര്‍മാര്‍ വിശ്വാസത്തിനനുസരിച്ചുള്ള പ്രകടനം നടത്തി. ”കുംബ്ലേ വ്യക്തമാക്കി.
ഇന്ത്യന്‍ ബാറ്റിംഗില്‍ നല്ല കൂട്ടുകെട്ട് ഉണ്ടായതും നന്നായതായി കുംബ്ലേ ചൂണ്ടിക്കാട്ടുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ലക്‍ഷ്‌മണ്‍- ധോനി, രണ്ടാം ഇന്നിംഗ്സില്‍ വസീം ജാഫര്‍-ദ്രാവിഡ്, സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ട് എന്നിവ വിജയത്തിനു കാരണമായതായി കുംബ്ലേ ചൂണ്ടിക്കാട്ടി.
മൂന്നു മാസങ്ങള്‍ക്കു ശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതിലും കുംബ്ലേയ്‌ക്ക് സന്തോഷമുണ്ട്. രണ്ടിന്നിംഗ്‌സിലുമായി പാകിസ്ഥാന്‍റെ ഏഴു ബാറ്റ്‌സ്‌മാന്‍മാരെ പുറത്താക്കാനായതാണ് പാകിസ്ഥാനെ കുഴിയില്‍ ചാടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറു വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത്. മത്സരത്തിലെ രണ്ടിന്നിംഗ്സിലുമായി ഏഴു വിക്കറ്റുകള്‍ പിഴുത കുംബ്ലേ തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ചും.