ജെസ്സി റൈഡറുടെ ആരോഗ്യനിലയില്‍ പുരോഗതി; രണ്ടു പേര്‍ അറസ്റ്റില്‍
വെള്ളി, 29 മാര്‍ച്ച് 2013 (18:10 IST)
PRO
ബാറില്‍ വച്ച് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗവും ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരവുമായ ജെസ്സി റൈഡറുടെ ആരോഗ്യനിലയില്‍ പുരോഗതി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന റൈഡര്‍ കോമ അവസ്ഥയിലായിരുന്നു. കുടുംബാംഗങ്ങളോട് റൈഡര്‍ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
റൈഡറുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ളെയേഴ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഹീത്ത് മീല്‍സും വ്യക്തമാക്കി. പിടികൂടിയവരെ ഏപ്രില്‍ നാലിന് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ക്രൈസ്റ്റ്ചര്‍ച്ചിന് സമീപത്തെ മെരിവാലെയിലെ ഒരു ബാറിന് മുന്നില്‍ വച്ച് നാലംഗ സംഘമാണ് റൈഡറെ ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റു വീണ റൈഡറെ അക്രമിസംഘം തറയിലിട്ട് ചവുട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.
ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ചശേഷം വെല്ലിങ്ടണ്‍ ടീമിലെ അംഗങ്ങള്‍ക്കൊപ്പമാണ് റൈഡര്‍ ബുധനാഴ്ച രാത്രി ബാറിലെത്തിയത്.
ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗമായ റൈഡര്‍ ഐ പി എല്ലില്‍ കളിക്കേണ്ടതായിരുന്നു. ഡെയര്‍ ഡെവിള്‍സുമായി മൂന്ന് ലക്ഷം ഡോളറിനാണ് കരാര്‍ ഒപ്പിട്ടിരുന്നത്.